ഗോളടിച്ച് മെസിയും റൊണാള്‍ഡോയും; സൗദി ഓള്‍ സ്റ്റാര്‍ ഇലവനെതിരെ പിഎസ്ജിക്ക് ജയം

(www.kl14onlinenews.com)
(20-Jan-2023)

ഗോളടിച്ച് മെസിയും റൊണാള്‍ഡോയും; സൗദി ഓള്‍ സ്റ്റാര്‍ ഇലവനെതിരെ പിഎസ്ജിക്ക് ജയം
റിയാദ്: സൗഹൃദത്തിന് സൗഹൃദം. ഗോളിന് ഗോൾ ! ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നേർക്കുനേർ എത്തിയപ്പോൾ പിറന്നത് എല്ലാ ചേരുവകളും സമാസമം ചേർത്ത ഫുട്ബോൾ മത്സരം. മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം കിലിയൻ എംബപെയും ഗോൾ നേടിയ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി 5–4ന് റിയാദ് ഇലവനെ തോൽപിച്ചു.
സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവൻ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. സൗദിയിലെ തന്റെ അരങ്ങേറ്റ മത്സരം അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേട്ടത്തോടെ ആഘോഷമാക്കി.


സൂപ്പർ താരങ്ങളെല്ലാം ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ 3–ാം മിനിറ്റിൽ മെസ്സി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. നെയ്മാറിന്റെ അസിസ്റ്റിൽ നിന്നാണ് മെസ്സി പിഎസിജിക്ക് ലീഡ് നൽകിയത്. 34–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റിയാദിന് സമനില നൽകി. 43–ാം മിനിറ്റിൽ മാർക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തിയെങ്കിലും ക്രിസ്റ്റ്യാനോ ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ (45+6) റിയാദ് ഇലവനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ പിഎസ്ജിക്കു വേണ്ടി സെർജിയോ റാമോസ് (53’), കിലിയൻ എംബപെ (60’), ഹ്യൂഗോ എകിടികെ (78’) എന്നിവരും റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂ സൂ (56), ആൻഡേഴ്സൻ ടലിസ്ക (90+4) എന്നിവരും സ്കോർ ചെയ്തു. 39–ാം മിനിറ്റിൽ യുവാൻ ബെർനറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനുശേഷം 10 പേരുമായാണ് പിഎസ്ജി കളിച്ചത്. മെസ്സി, നെയ്മാർ, എംബപെ എന്നീ പിഎസ്ജി താരങ്ങളെയും ക്രിസ്റ്റ്യാനോയെയും 60 മിനിറ്റ് പൂർത്തിയായതോടെ കളിക്കളത്തിൽ നിന്നു പിൻവലിച്ചു. ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ മുഖ്യാതിഥി ആയിരുന്നു.

Post a Comment

Previous Post Next Post