കാസര്‍കോട്ട് പേരിനൊരു മെഡി.കോളജ്; 10 വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയായില്ല

(www.kl14onlinenews.com)
(20-Jan-2023)

കാസര്‍കോട്ട് പേരിനൊരു മെഡി.കോളജ്; 10 വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയായില്ല
കാസര്‍കോട്: കാസർകോടുമുണ്ട് പേരിനൊരു മെഡിക്കൽ കോളജ്. പ്രഖ്യാപനം നടത്തി പത്തുവര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഒപ്പം പ്രഖ്യാപിച്ച ഇടുക്കി മെഡിക്കല്‍ കോളജില്‍ അധ്യയനം ആരംഭിച്ചിട്ടും കാസര്‍കോട്ട് കിടത്തി ചികിത്സ പോലും തുടങ്ങിയിട്ടില്ല.

2012 മാര്‍ച്ച് 24നായിരുന്നു കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രഖ്യാപനം. തൊട്ടടുത്തവര്‍ഷം നവംബറില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെട്ടിടത്തിനു തറക്കല്ലിട്ടു. രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി ആദ്യ ബാച്ച് തുടങ്ങുമെന്നായിരുന്നു ഉറപ്പ്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒപി വിഭാഗം വിപുലമാക്കിയത് മാത്രമാണ് വികസനം. കിടത്തി ചികില്‍സ തുടങ്ങി രണ്ടു വര്‍ഷത്തിനുശേഷം മാത്രമേ അധ്യായനം തുടങ്ങാനാകൂ.

2013 ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടത്. കെട്ടിട നിര്‍മ്മാണം ഇഴഞ്ഞപ്പോള്‍ പ്രതിഷേധങ്ങളും സമരങ്ങളുമായി. അവസാനം 2021 ഡിസംബറില്‍ ഒ പി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ പ്രഖ്യാപനം. അതും ഉണ്ടാകാതെ ആയതോടെ എം എൽ എ, എ ന്‍എ നെല്ലിക്കുന്ന് അടക്കമുള്ളവര്‍ സത്യഗ്രഹ സമരം നടത്തേണ്ടി വന്നു.

സമരങ്ങൾക്ക് ഒടുവില്‍ ജനുവരിയില്‍ ഒ പി തുടങ്ങി. പക്ഷേ ഡോക്ടര്‍മാർ പേരിന് മാത്രം. ജനറല്‍ മെഡിസിന്‍ ഒപികള്‍ മാത്രമാണ് ആറ് ദിവസും പ്രവര്‍ത്തിക്കുന്നത്. നെഫ്രോളജി, റുമറ്റോളജി ഒപികളില്‍ പരിശോധിക്കുന്നത് ജനറല്‍ മെഡിസിനിലെ ഡോക്ടര്‍മാര്‍ തന്നെ. കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍ അവധിയില്‍. പകരം ഡോക്ടറെ നിയമിച്ചിട്ടില്ല.

രേഖകളില്‍ ഇപ്പോഴുള്ളത് 15 ഡോക്ടര്‍മാര്‍. 27 നഴ്സുമാര്‍. 20 മറ്റ് ജീവനക്കാര്‍. കിടത്തി ചികിത്സ ഉടന്‍ തുടങ്ങാനാകുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ഒന്നുമുണ്ടായില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള, ആരോഗ്യ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന ഒരു ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയോടാണ് അധികൃതരുടെ ഈ അനാസ്ഥ.
ആരോഗ്യ ചികിത്സാ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയ്ക്ക് മെഡിക്കല്‍ കോളേജിലും അവഗണന മാത്രം.

Post a Comment

Previous Post Next Post