(www.kl14onlinenews.com)
(01-Jan-2023)
കാസർകോട് :പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാതയിലൂടെ പോകുന്ന വലിയ വാഹനങ്ങൾ ചൗക്കി- വിദ്യാനഗർ റോഡ് വഴി തിരിച്ചു വിടണമെന്ന് ആവശ്യം. കറന്തക്കാടു മുതൽ വിദ്യാനഗർ വരെയുള്ള വാഹനത്തിരക്ക് കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നും നാട്ടുകാർ പറയുന്നു. ദേശീയപാതയുടെ പണി തുടങ്ങിയതിനു ശേഷം രാവിലെയും വൈകിട്ടും ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. 5 മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരത്തേക്ക് അര മണിക്കൂറിലേറെയാണ് പലപ്പോഴും വേണ്ടിവരുന്നത്.
സമയത്ത് എത്താൻ കഴിയാതെ ബസുകളാണ് ഏറ്റവും വലിയ ബുദ്ധിമുട്ട് നേരിടുന്നത്.ടാങ്കർ ലോറികളും ഭാരവാഹനങ്ങളും അടക്കം പോകുന്നത് ദേശീയപാതയിലൂടെ തന്നെയാണ്. ഇതാണ് പ്രധാനമായും വാഹനത്തിരക്കിനു കാരണവും. ഇത്തരം വാഹനങ്ങൾ ചൗക്കി-വിദ്യാനഗർ റോഡ് വഴി തിരിച്ചുവിട്ടാൽ മറ്റു വാഹനങ്ങൾക്കു യാത്ര സുഗമമാകും. നല്ല റോഡായതിനാൽ എല്ലാ തരം വാഹനങ്ങൾക്കും പോകാനും സാധിക്കും. പൊലീസും മോട്ടർവാഹന വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
"കുട്ടിയെ ഡോക്ടറെ കാണിക്കാൻ കഴിഞ്ഞ ദിവസം വൈകിട്ടാണ് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു പുറപ്പെട്ടത്. 5.15 ആകുമ്പോഴേക്കും കറന്തക്കാട് എത്തി. എന്നാൽ ആശുപത്രിയിലെത്താൻ സാധിച്ചത് 5.45 നാണ്. റോഡ് പണി തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ഇതുതന്നെയാണ് സ്ഥിതി". - നിസാർ കുളങ്കര, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ.
Post a Comment