ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ കണ്ടെത്തിയത് അക്ഷരയുടെ മൃതദേഹം,19കാരിയിലേക്ക് പൊലീസ് എത്തിയത് മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന്; ആത്മഹത്യയെന്ന് ഉറപ്പിക്കാനാവാതെ പൊലീസ്‌

(www.kl14onlinenews.com)
(30-Jan-2023)

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ കണ്ടെത്തിയത് അക്ഷരയുടെ മൃതദേഹം,19കാരിയിലേക്ക് പൊലീസ് എത്തിയത് മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന്; ആത്മഹത്യയെന്ന് ഉറപ്പിക്കാനാവാതെ പൊലീസ്‌
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ആശുപത്രി പരിസരത്ത് 19കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വ്യക്തതയില്ലാതെ പൊലീസ്. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെ മകള്‍ അക്ഷരയെ ഞായറാഴ്ചയാണ് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍മാണത്തിലിരിക്കുന്ന 'അമ്മയും കുഞ്ഞും' ആശുപത്രി കെട്ടിടത്തിന്റെ സമീപത്തായിരുന്നു മൃതദേഹം. നിര്‍മാണ തൊഴിലാളികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വീണ് പരിക്കേറ്റതിന്റെ പാടുകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.

ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ജീവിതനൈരാശ്യം സൂചിപ്പിക്കുന്ന തരത്തില്‍ അക്ഷര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെണ്‍കുട്ടിയെ കാണാതായി. ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പൊലീസ് സുല്‍ത്താന്‍ ബത്തേരിയില്‍ തന്നെ കുട്ടിയുണ്ടെന്ന നിഗമനത്തിലെത്തി. അക്ഷരയെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതിനിടെയാണ് താലൂക്ക് ആശുപത്രിയില്‍ നിന്ന് പൊലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ഒരു പെണ്‍കുട്ടി വീണുകിടക്കുന്നതായി നിര്‍മാണ തൊഴിലാളികള്‍ വിവരമറിയച്ചതിന് പിന്നാലെ പൊലീസ് ആശുപത്രിയിലെത്തി. ഉടന്‍ തന്നെ അക്ഷരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് തന്നെ മാറ്റി.

അക്ഷരയുടേത് ആത്മഹത്യയാണെന്ന സൂചനകളാണ് ആദ്യം മുതല്‍ പുറത്തുവരുന്നത്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന നിഗമനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. കാണാതായ അക്ഷര താലൂക്ക് ആശുപത്രി പരിസരത്ത് എത്താനുള്ള കാരണവും ഇതുവരെ കണ്ടെത്താനായിട്ടില്ല. ആത്മഹത്യയാണെങ്കില്‍ തന്നെ അതിലേക്ക് നയിച്ച കാരണവും അജ്ഞാതമാണ്. അക്ഷരയുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കുന്നതിലൂടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കോള്‍ വിവരങ്ങളും കാണാതായതിന് മുമ്പുള്ള ദിവസങ്ങളിലെ കുട്ടിയുടെ പെരുമാറ്റം അടക്കമുള്ളവ പരിശോധിക്കും. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കാനും പൊലീസിന് പദ്ധതിയുണ്ട്


Post a Comment

Previous Post Next Post