മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ത്രിപുരയില്‍ ഫെബ്രുവരി 16-ന്, മേഘാലയയിലും നാഗാലാന്‍ഡിലും 27-ന്

(www.kl14onlinenews.com)
(18-Jan-2023)

മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ത്രിപുരയില്‍ ഫെബ്രുവരി 16-ന്, മേഘാലയയിലും നാഗാലാന്‍ഡിലും 27-ന്
ഡല്‍ഹി: നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ത്രിപുരയില്‍ ഫെബ്രുവരി 16-നും നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ ഫെബ്രുവരി 27-നുമായിരിക്കും വോട്ടെടുപ്പ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിനാണ് നടക്കുന്നത്.

60 സീറ്റുകള്‍ വീതമുള്ള മൂന്ന് അസംബ്ലികളുടെ കാലാവധി യഥാക്രമം മാര്‍ച്ച് 12, 15, 22 തീയതികളില്‍ അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലായി 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 2.8 ലക്ഷം പുതിയ വോട്ടര്‍മാരാണ്.

കഴിഞ്ഞയാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അനുപ് ചന്ദ്ര പാണ്ഡെയും അരുണ്‍ ഗോയലും മൂന്ന് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്തിരുന്നു. അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, തമിഴ്നാട്,ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഓരോ സീറ്റിലും മഹാരാഷ്ട്രയിലെ രണ്ട് സീറ്റുകളിലും ഫെബ്രുവരി 27 ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസൽ വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിലാണ് ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2009 ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പ്രവർത്തകയായ ഖദിസുമ്മയുടെ വീട് എൻസിപി പ്രവർത്തകർ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം സംബന്ധിച്ച കേസിലാണ് മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടത്.

Post a Comment

Previous Post Next Post