108 കോടിയുടെ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഉന്നതൻ ? കേസന്വേഷണം ഡി.ഐ.ജിക്ക് കൈമാറി മുഖ്യമന്ത്രി

(www.kl14onlinenews.com)
(28-Jan-2023)

108 കോടിയുടെ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഉന്നതൻ ? കേസന്വേഷണം ഡി.ഐ.ജിക്ക് കൈമാറി മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി തട്ടിയ കേസിൽ ഉന്നതതല അട്ടിമറിയെന്ന് പരാതിയെ തുടർന്ന് , അടിയന്തര അന്വേഷണം നടത്താൻ എറണാകുളം റെയ്ഞ്ച് ഡി.ഐ.ജിക്ക് നിർദ്ദേശം. പരാതിക്കാരൻ മുഖ്യമന്തിക്കു നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ആസ്ഥാനത്തിന്റെ മിന്നൽ ഇടപെടൽ. ആലുവ സ്വദേശിയും ദുബായിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ലാഹിർ ഹസ്സനാണ് തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നത്.
മരുമകനായ കാസർഗോഡ് സ്വദേശി മുഹമ്മദ് ഹാഫിസ് തന്നെയും കുടുംബത്തെയും ചതിച്ചെന്നും, മഹാരാഷ്ട്ര മന്ത്രിയുടെ കമ്പനിയുടേത് ഉൾപ്പെടെ , വ്യാജ രേഖകൾ ഉണ്ടാക്കി 108 കോടി തട്ടിയെടുത്തു എന്നും ചൂണ്ടിക്കാട്ടി എറണാകുളം ആലുവ പൊലീസ് സ്റ്റേഷനിൽ ലാഹിർ ഹസ്സൻ പരാതി നൽകിയതിനെ തുടർന്ന്, മുഹമ്മദ് ഹാഫിസ് , എറണാകുളം സ്വദേശി അക്ഷയ് തുടങ്ങി 4 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം 21.08.2022ന് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു എങ്കിലും, പ്രതികളെ കസ്റ്റഡിയിലെടുക്കാനോ , വ്യാജ ഡോക്യമെന്റുകൾ നിർമ്മിച്ച സീലുകൾ ഉൾപ്പെടെ പിടിച്ചെടുക്കാനോ , പൊലീസ് തയ്യാറായിരുന്നില്ല. മുഹമ്മദ് ഹാഫിസിന്റെ കൈവശമുള്ള ലാഹിർ ഹസ്സന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നര കോടി രൂപയുടെ വാഹനം പോലും പൊലീസ് കണ്ടെത്തിയിരുന്നില്ല. മാത്രമല്ല, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത വിവരം ഗോവയിൽ ഉണ്ടായിരുന്ന മുഹമ്മദ് ഹാഫിസിനെ അറിയിച്ച് ട്രാൻസിറ്റ് ബെയിലിനുള്ള അവസരം ഉണ്ടാക്കിയതും അന്വേഷണ സംഘ മാണെന്നാണ് ആരോപണം. തുടർന്ന് ലാഹിർ ഹസ്സൻ എ.ഡി.ജി.പിക്കു പരാതി നൽകുകയും തുടർന്ന് അന്വേഷണം ആലുവ ഡി.വൈ.എസ്.പിയിൽ നിന്നും മാറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറുകയാണ് ഉണ്ടായത്. എന്നാൽ ഈ അന്വേഷണവും മന്ദഗതിയിലാണ്. ഇതിനു പ്രധാന കാരണം പ്രതികൾക്കുള്ള ഉന്നത സ്വാധീനമാണെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ലാഹിർ ഹസ്സൻ ആരോപിച്ചിരിക്കുന്നത്.
ഇതേ തുടർന്നാണ് ഡി.ഐ.ജിക്ക് ഇപ്പോഅന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. ലാഹിർ ഹസ്സന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നര കോടി വിലവരുന്ന റെയ്ഞ്ച റോവർ വാഹനം ഇപ്പോഴും പ്രതിയുടെ കൈവശമാണെന്നിരിക്കെ, ഈ വാഹനം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടത്താൻ സാധ്യത ഉണ്ടെന്ന കാര്യം പൊലീസിനോട് പറഞ്ഞിട്ടു പോലും ഒരു നടപടിയും ഉണ്ടാവാത്തത് ഉന്നത ഇടപെടൽ മൂലമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മാത്രമല്ല, വിസ പുതുക്കാൻ എന്ന പേരിൽ പ്രതിയെ ദുബായിൽ എത്തിക്കാൻ ഇപ്പോൾ അണിയറയിൽ ശ്രമം നടക്കുന്നതായും ലാഹിർ ഹസ്സൻ തുറന്നടിച്ചിട്ടുണ്ട്. ഇതു സംബന്ധമായി ഹൈക്കോടതിയിൽ പ്രതി നൽകിയ ഹരജിയിൽ , പ്രോസിക്യൂഷൻ ശക്തമായ ഇടപെടൽ നടത്തുന്നില്ലന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുന്നത് 16 തവണയാണ് ഹൈക്കോടതി മാറ്റി വച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയും കാരണമായിട്ടുണ്ടെങ്കിൽ, അതും അന്വേഷിക്കണമെന്നതാണ് ലാഹിർ ഹസ്സന്റെ ആവശ്യം.അന്തരിച്ച മുൻ ഐ.പി.എസ് ഓഫീസർ പി.കെ മുഹമ്മദ് ഹസ്സന്റെ മകനാണ് നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്.
42 വർഷമായി ദുബായിൽ ബിസിനസ്സ് ചെയ്യുന്ന ലാഹിർ ഹസ്സന്റെ മൂന്ന് മക്കളിൽ ഇളയ മകളെയാണ് കാസർഗോഡ് സ്വദേശി കുതിരോളി മന്നത്ത് മുഹമ്മദ് ഹാഫിസിന് വിവാഹം ചെയ്ത് നൽകിയിരുന്നത്. പിന്നീട് ഹാഫിസ് പല പദ്ധതികളും മറ്റും പറഞ്ഞ് നാല് വർഷത്തിനുള്ളിൽ 108 കോടി ഭാര്യാ പിതാവിൽ നിന്നും തട്ടിയെടുത്തതായാണ് കേസ്. എൻ.ആർ.ഐ അക്കൗണ്ട് വഴി നൽകിയ മുഴുവൻ പണമിടപാടിന്റെയും രേഖകൾ ഇതിനകം തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ പരാതിക്കാരൻ നൽകിയിട്ടുണ്ട്.
തട്ടിപ്പ് ഏറെ വൈകിയാണ് തനിക്ക് മനസ്സിലായതെന്നും, തുടർന്ന് പണം എവിടെ പോയെന്ന് ചോദിച്ചപ്പോൾ , തന്നെയും മകൾ ഹാജിറയെയും ഹാഫിസ് സമ്മർദ്ദത്തിലാക്കുകയാണ് ചെയ്തതെന്നുമാണ് ലാഹിർ ഹസ്സൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഭീഷണി തുടർന്നപ്പോൾ ഹാഫിസുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ നിലവിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ഈ കുടുംബം. ഹാഫിസും അദ്ദേഹത്തിന്റെ മാതാപിതാക്കളും പാർട്ട്ണർമാരായ കമ്പനിയിലേക്കും, ലാഹിർ ഹസ്സനിൽ നിന്നും തട്ടിയെടുത്ത പണം എത്തിയതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവരെയും പൊലീസ് പ്രതി ചേർത്തിട്ടുണ്ട്.

Post a Comment

Previous Post Next Post