യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടു; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ ചുമത്തി

(www.kl14onlinenews.com)

(27-Jan-2023)

യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടു; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ ചുമത്തി

അമ്പതിലധികം യാത്രക്കാരെ കയറ്റാതെ ഡല്‍ഹിയിലേക്ക് ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവത്തില്‍ നടപടിയുമായി ഡിജിസിഎ. കമ്പനിക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 10 ലക്ഷം രൂപ പിഴ ചുമത്തി. ജനുവരി 9 ന് ബെംഗളൂരു വിമാനത്താവളത്തിലായിരുന്നു സംഭവം.

ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ജി8116 ഗോ ഫസ്റ്റ് വിമാനം രാവിലെ 6.30ന് പുറപ്പെട്ടു. എന്നാല്‍ 55 യാത്രക്കാരില്ലാതെയാണ് വിമാനം പറന്നുയര്‍ന്നത്. ബോര്‍ഡിംഗ് പാസുള്ളവരും ലഗേജുകള്‍ ചെക്ക്-ഇന്‍ ചെയ്തവരുമായ യാത്രക്കാര്‍ റണ്‍വേയില്‍ ബസിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ യാത്രക്കാര്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്.

ഇതോടെ എയര്‍ലൈനിനെതിരെ എന്‍ഫോഴ്സ്മെന്റ് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ഡിജിസിഎ ഗോ ഫസ്റ്റിന്റെ അക്കൗണ്ടബിള്‍ മാനേജര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. ജനുവരി 25ന് എയര്‍ലൈന്‍ ഓപ്പറേറ്റര്‍ നോട്ടീസിന് മറുപടി സമര്‍പ്പിച്ചു. വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ടെര്‍മിനല്‍ കോര്‍ഡിനേറ്റര്‍ (ടിസി), കൊമേഴ്‌സ്യല്‍ സ്റ്റാഫ്, ക്രൂ എന്നിവര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പമാണ് തിരിച്ചടിയായതെന്ന് ഗോ ഫസ്റ്റ് സമര്‍പ്പിച്ച മറുപടിയില്‍ പറയുന്നു.

തുടര്‍ന്ന് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, ലോഡും ട്രിം ഷീറ്റും തയ്യാറാക്കല്‍, ഫ്‌ലൈറ്റ് ഡിസ്പാച്ച്, പാസഞ്ചര്‍/കാര്‍ഗോ കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് മതിയായ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെട്ടതായി ഡിജിസിഎ വിലയിരുത്തി. തുടര്‍ന്ന് CAR സെക്ഷന്‍ 3, സീരീസ് സി, ഭാഗം II, എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍ക്കുലര്‍ II, 2019 എന്നിവയുടെ ലംഘനം ചൂണ്ടിക്കാട്ടി എയര്‍ലൈന് 10 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

Post a Comment

Previous Post Next Post