ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആ​ദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്

(www.kl14onlinenews.com)
(31-DEC-2022)

ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആ​ദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്
ന്യൂഡൽഹി: വാഹനാപകടത്തിൽ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആ​ദരിച്ചു. ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജീത്തിനെയുമാണ് ഹരിയാന റോഡ്‌വേയ്‌സ് ആദരിച്ചത്.

റോഡ് വേയ്‌സ് അധികൃതർ ഡ്രൈവർക്കും കണ്ടക്ടർക്കും അനുമോദനപത്രവും ഫലകവും നൽകി. ഉടൻ തന്നെ സ്ഥലത്തെത്തി പന്തിനെ രക്ഷിച്ചത് മികച്ച പ്രവർത്തനമാണ് ചെയ്തതെന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറൽ മാനേജർ കുൽദീപ് ജംഗ്ര അറിയിച്ചു.

ഉത്തരാഖണ്ഡിലെ റൂര്‍ക്കീക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമിത വേഗത്തില്‍ എത്തിയ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. അപകടസമയം ബസ് ഡ്രൈവറും കണ്ടക്ടറും എത്തിയാണ് ഋഷഭിനെ രക്ഷിച്ചത്. തുടർന്ന് ഇവർ താരത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഹരിദ്വാറിൽ നിന്ന് മടങ്ങുമ്പോഴാണ് ഋഷഭിന്റെ കാർ അപകടത്തിൽപ്പെട്ടത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർ രക്ഷാപ്രവർത്തനം നടത്തി. പന്തിനെ കാറിൽ നിന്ന് പുറത്തെടുത്തതിന് പിന്നാലെയാണ് കാറിന് തീ പിടിച്ചത്. അപകടസമയത്ത് ഋഷഭ് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തിട്ടുണ്ട്. ഋഷഭ് പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും, വലതു കാല്‍മുട്ടിലെ ലി​ഗമെന്റിന് കീറലും സംഭവിച്ചു. കൂടാതെ കാല്‍വിരലുകള്‍ക്കും പുറകിലും പരുക്കുകളുണ്ട് എന്ന് ബിസിസിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

Post a Comment

Previous Post Next Post