(www.kl14onlinenews.com)
(12-DEC-2022)
ഡല്‍ഹി: ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി കണ്ണീരോടെ കളം വിട്ട പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി വിരാട് കോഹ്ലി. റൊണാള്‍ഡൊ കായിക മേഖലയ്ക്കും കായിക പ്രേമികള്‍ക്കും വേണ്ടി ചെയ്ത കാര്യങ്ങള്‍ ഒന്നുകൊണ്ടും ഇല്ലാതാക്കാനാവില്ലെന്ന് കോഹ്ലി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
“ജനങ്ങളില്‍ നിങ്ങള്‍ ചെലുത്തിയ സ്വാധീനവും, നിങ്ങള്‍ കളിക്കുന്നത് കാണുന്ന ഞാനുള്‍പ്പടെയുള്ളവര്‍ക്ക് തോന്നിയ വികാരമെന്താണെന്നും വിവരിക്കാന്‍ ഒരു കിരീടത്തിനുമാകില്ല. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഓരോ തവണയും തന്റെ ഹൃദയം മുഴുവന്‍ നല്‍കി കളിക്കുന്ന ഒരു മനുഷ്യന് ലഭിക്കുന്ന യഥാർത്ഥ അനുഗ്രഹം,” കോഹ്ലി കുറിച്ചു.
“കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപവുമായ നിങ്ങള്‍ ഏതൊരു കായികതാരത്തിനും പ്രചോദനമാണ്. നി എനിക്ക് എക്കാലത്തേയും മികച്ച താരമാണ്,” കോഹ്ലി കൂട്ടിച്ചേര്‍ത്തു
അഞ്ച് ലോകകപ്പുകളില്‍ കളിച്ചെങ്കിലും കിരീടമെന്ന സ്വപ്നം ബാക്കിയാക്കിയാണ് സൂപ്പര്‍ താരം ഖത്തറില്‍ നിന്ന് മടങ്ങിയത്. അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കാന്‍ റൊണാള്‍ഡോയ്ക്കായി. പുറത്താകലിന് പിന്നാലെ ഹൃദയഭേദകമായ കുറിപ്പ് ഇന്നലെ പോര്‍ച്ചുഗല്‍ നായകന്‍ പങ്കുവച്ചിരുന്നു.
“പോര്‍ചുഗലിനായി ഒരു ലോകകപ്പ് നേടുകയെന്നതായിരുന്നു എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം. അന്താരാഷ്ട്ര തലത്തില്‍ നിരവധി കിരീടങ്ങള്‍ നേടാന്‍ കഴിഞ്ഞു. പക്ഷെ ഏറ്റവും ഫുട്ബോളിന്റെ നെറുകയില്‍ രാജ്യത്തെ എത്തിക്കുക എന്നതായിരുന്നു ആഗ്രഹം. ആ വലിയ സ്വപ്നത്തിനായി ഞാന്‍ പൊരുതി,” ക്രിസ്റ്റ്യാനൊ കുറിച്ചു.
16 വര്‍ഷക്കാലയളവില്‍ അഞ്ചു ലോകകപ്പുകളിലായി ആ സ്വപ്‌നത്തിനു പിന്നാലെ സഞ്ചരിച്ചു. നിരവധി ലോകോത്തര താരങ്ങള്‍ എനിക്കൊപ്പമുണ്ടായിരുന്നു. പോര്‍ച്ചുഗല്‍ ആരാധകര്‍ എക്കാലവും പിന്തുണച്ചു. ആ സ്വപ്നത്തില്‍ നിന്നും പോരാട്ടത്തില്‍ നിന്നും ഞാന്‍ മുഖം തിരിച്ചിട്ടില്ല. പക്ഷേ ഇന്നലെ ആ സ്വപ്‌നങ്ങള്‍ എല്ലാം അവസാനിച്ചു,” താരം കൂട്ടിച്ചേര്‍ത്തു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് ഏക ഗോളിന് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അവസാന നിമിഷം വരെ പോരാടിയെങ്കിലും ഗോള്‍ വീഴ്ത്താന്‍ പറങ്കിപ്പടയ്ക്ക് സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ കരഞ്ഞുകൊണ്ട് ഏകനായി കളം വിട്ട റൊണാള്‍ഡൊ ലോകത്തിന്റെ നൊമ്പരമാവുകയായിരുന്നു
Post a Comment