(www.kl14onlinenews.com)
(08-DEC-2022)
കൊച്ചി :
പിപിഇ കിറ്റ് അഴിമതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അടക്കമുള്ളവര്‍ക്കെതിരായ ലോകായുക്ത അന്വേഷണം തുടരും. പിപിഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
500 രൂപ മാത്രം വിലമതിക്കുന്ന പിപിഇ കിറ്റ് മൂന്നിരട്ടി ഉയര്‍ന്ന നിരക്കില്‍ സര്‍ക്കാര്‍ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു ലോകായുക്തയ്ക്ക് പരാതി ലഭിച്ചത്. തുടര്‍ന്നാണ് കെകെ ശൈലജ, മുന്‍ ആരോഗ്യ സെക്രട്ടറി രാജന്‍ കോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ് ആര്‍ ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് പരാതി. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ് നായരാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്.
പിന്നാലെ ആരോപണങ്ങള്‍ തള്ളി കെകെ ശൈലജ രംഗത്തെത്തിയിരുന്നു. കോവിഡിന്റെ ആദ്യഘട്ടത്തില്‍ പര്‍ച്ചേസ് നടത്തിയത് അടിയന്തരസാഹചര്യത്തിലാണെന്നും മരുന്നുപോലുമില്ലാത്ത ഘട്ടത്തില്‍ അന്ന് മുന്‍ഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെന്നും ശൈലജ പറഞ്ഞു. പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണെന്നും ശൈലജ പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണ് പരാതിക്കിടയായ സംഭവം. 550 രൂപയ്ക്ക് ലഭിച്ചിരുന്ന പിപിഇ കിറ്റിന് 1550 രൂപയ്ക്ക് കെഎംഎസ്സിഎല്‍ കരാര്‍ മറിച്ച് നല്‍കിയെന്നാണ് ആരോപണം. കരാര്‍ നല്‍കിയത് കടലാസ് കമ്പനിക്കെന്നും ആരോപണമുണ്ട്. ഒരു പിപിഇ കിറ്റ് 550 രൂപയ്ക്കാണ് കെറോണ്‍ എന്ന കമ്പനി നല്‍കിയിരുന്നത്. കിറ്റിന് ആവശ്യമുയര്‍ന്നപ്പോഴും മനഃപൂര്‍വ്വം കെറോണിന് കരാര്‍ നല്‍കാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. കെറോണിന്റെ ഭാഗത്താണ് വീഴ്ചയെന്ന് വരുത്തിത്തീര്‍ത്ത ശേഷം മന്ത്രിതല യോഗത്തില്‍ വേറെ കരാര്‍ നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നു. ദിവസേന 4000 പിപിഇ കിറ്റ് വേണമെന്ന ആവശ്യമുന്നയിച്ചാണ് മഹാരാഷ്ട്ര സോളാപ്പൂരില്‍ നിന്നുള്ള സാന്‍ഫാര്‍മ കമ്പനിക്ക് കരാര്‍ മറിച്ച് നല്‍കിയത്.
സാന്‍ഫാര്‍മയ്ക്ക് കരാര്‍ നല്‍കാന്‍ സര്‍ക്കാരിന് വേണ്ടി വന്നത് വെറും രണ്ട് ദിവസം മാത്രം. 2020 മാര്‍ച്ച് 29നാണ് സാന്‍ഫാര്‍മ കമ്പനിയില്‍ നിന്ന് ഇ മെയിലായി ക്വട്ടേഷന്‍ ലഭിക്കുന്നത്. അന്നുതന്നെ അവര്‍ക്ക് തത്വത്തില്‍ കരാര്‍ നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കുകയായിരുന്നു. അന്‍പതിനായിരം പിപിഇ കിറ്റിനും ഒരു ലക്ഷം എന്‍ 95 മാസ്‌കിനുമാണ് മുന്‍ പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കാന്‍ തീരുമാനമെടുത്തത്
إرسال تعليق