(www.kl14onlinenews.com)
(17-DEC-2022)
ഒപ്പിട്ടിട്ട് ഓടിക്കളയല്ലേ, ഹാജർ ശമ്പളവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്: സർക്കാർ ഓഫീസുകളിൽ ജനുവരി ഒന്നുമുതൽ പഞ്ചിംഗ് നിർബന്ധം
തിരുവനന്തപുരം :
സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് സിസ്റ്റം (Punching System) നടപ്പിലാക്കിയിട്ട് കാലമേറെയായി. എന്നാൽ ഒരു ഓഫീസിൽ പോലും കാര്യക്ഷമമായി പഞ്ചിംഗ് സിസ്റ്റം നടക്കുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഈ സാഹചര്യത്തിലാണ് സർക്കാർ ഓഫീസുകളിൽ (Government Offices) പഞ്ചിംഗ് ഉറപ്പാക്കണമെന്ന കർശന നിർദ്ദേശവുമായി ചീഫ് സെക്രട്ടറി വി പി ജോയി അന്ത്യശാസനം നൽകിയിരിക്കുന്നത്. അടുത്തമാസം ഒന്നാം തീയതി മുതൽ (January 1) ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലും കളക്‌ട്രേറ്റിലുമടക്കമുള്ള ഓഫീസുകളിൽ പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാർ ജീവനക്കാർക്ക് പഞ്ചിംഗ് സംബന്ധിച്ച് പല തവണ നിർദേശങ്ങൾ നൽകിയിട്ടും നടപ്പിലാകാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറി അന്ത്യശാസനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ബയോമെട്രിക് നിർദേശങ്ങൾനടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയൊന്നും കാണുന്നില്ലെന്നും, മാർഗ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികൾ കർശന നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നുണ്ട്. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനും, ജോലി സമയത്ത് ജീവനക്കാർ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കാനുമൊക്കെയാണ് ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്ന് നിർദേശം നൽകാൻ കാരണമെന്നാണ് സർക്കാർ വാദം.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ്ഡ് സ്ഥാപനങ്ങള്‍ എന്നിവയിലും കർശനമായി ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കാനുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. നേരത്തേ സര്‍ക്കാര്‍ ഓഫീസകളില്‍ പഞ്ചിങ് സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ പലതവണ നിർദ്ദേശിച്ചിരുന്നു. എന്നാൽ ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് കാരണം അത് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും/വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പായി ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജര്‍ സ്‌പാര്‍ക്കുമായി ബന്ധപ്പെടുത്തേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. മറ്റ് എല്ലാ ഓഫീസുകളിലും 2023 മാര്‍ച്ച് 31ന് മുമ്പായി ഈ സംവിധാനം നടപ്പിലാക്കണമെന്നാണ് ചീഫ് സെക്രട്ടറി കർശനമായി നിർദ്ദേശം നൽകിയിരിക്കുന്നത്
إرسال تعليق