‘രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം’; ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോണ്‍ഗ്രസിന്‍റെ കത്ത്

(www.kl14onlinenews.com)
(28-DEC-2022)

‘രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം’; ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോണ്‍ഗ്രസിന്‍റെ കത്ത്
ഡൽഹി :രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാക്ക് കോണ്‍ഗ്രസിന്‍റെ കത്ത്. ഭാരത് ജോഡോ യാത്രയില്‍ ദില്ലിയിലുണ്ടായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയത്. കഴിഞ്ഞ 24ന് ഭാരത് ജോഡോ യാത്ര ദില്ലിയില്‍ പര്യടനം നടത്തുമ്പോള്‍ വലിയ സുരക്ഷ വീഴ്ചയുണ്ടായെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി.

ഒന്നിലധികം തവണ വെല്ലുവിളി ഉയര്‍ന്ന സാഹചര്യമുണ്ടായി. ഭാരത് ജോഡോ യാത്രികരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് രാഹുലിന് അപ്പോള്‍ സുരക്ഷയൊരുക്കിയത്. ദില്ലി പോലീസ് വെറും കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയായിരുന്നുവെന്നാണ് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ അമിത് ഷാക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്.

ഇസഡ് പ്ലസ് സുരക്ഷയുള്ളയാളാണ് രാഹുല്‍ ഗാന്ധി. വരുന്ന മൂന്നിന് യാത്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങളിലേക്ക് യാത്ര കടക്കാനിരിക്കേ രാഹുലിന്‍റെ സുരക്ഷ കൂട്ടണമെന്നാണ് ആവശ്യം.ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധിയുമായി സംവദിച്ചവരെ ഇന്‍റലിജന്‍സ് ചോദ്യം ചെയ്യുന്നതിലെ അതൃപ്തിയും അമിത് ഷായെ നേരിട്ടറിയിച്ചു. കണ്ടെയ്നറില്‍ ഇന്‍റലിജന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിനെയും കോണ്‍ഗ്രസ് അപലപിച്ചു.

Post a Comment

Previous Post Next Post