ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ടീമിൽ സഞ്ജു സാംസൺ, ഋഷഭ് പന്തിനെ ഒഴിവാക്കി

(www.kl14onlinenews.com)
(28-DEC-2022)

ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ടീമിൽ സഞ്ജു സാംസൺ, ഋഷഭ് പന്തിനെ ഒഴിവാക്കി
ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശർമ്മയും ട്വന്റി 20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും. ഏകദിന ടീമിലെ വൈസ് ക്യാപ്റ്റൻ കൂടിയാണ് പാണ്ഡ്യ. പതിവുപോലെ ഇത്തവണയും സഞ്ജു സാംസണിനെ ഏകദിന ടീമിൽനിന്നും ഒഴിവാക്കി. അതേസമയം, ട്വന്റി 20 ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തി. ഏകദിനത്തിൽ കെ.എൽ.രാഹുലും ഇഷാൻ കിഷനുമാണ് വിക്കറ്റ് കീപ്പർമാർ.

ഏകദിനത്തിലും ട്വന്റി 20 ടീമിലും ഋഷഭ് പന്തിന് ഇടം പിടിക്കാനായില്ല. പന്തിനെ ഒഴിവാക്കിയതാണോ അതോ പരുക്കിനെ തുടർന്ന് വിശ്രമം അനുവദിച്ചതാണോയെന്ന കാര്യത്തിൽ ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി വിശ്രമം അനുവദിച്ചതിനെ തുടർന്ന് പന്തിന് ഏകദിന മത്സരങ്ങൾ നഷ്ടമായിരുന്നു. പേസർ ഭുവനേശ്വർ കുമാറിനെ ഒഴിവാക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

അതേസമയം, പരിചയ സമ്പന്നരായ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രാഹുൽ എന്നിവർക്കും ട്വന്റി 20 ടീമിൽ ഇടം പിടിക്കാനായില്ല. എന്നാൽ, ഇവരെല്ലാം തന്നെ ജനുവരി 10 ന് തുടങ്ങുന്ന ഏകദിന ടീമിലുണ്ട്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം നട്ടെല്ലിന് പരുക്കേറ്റ് ടി20 ലോകകപ്പ് നഷ്ടമായ പേസർ ജസ്പ്രീത് ബുംറയെയും ഇരു ടീമുകളിലും ഉൾപ്പെടുത്തിയിട്ടില്ല.

യുവതാരമായ ശിവം മാവിക്ക് ആദ്യമായി ട്വന്‍റി 20 ടീമിലേക്ക് വിളിയെത്തി. ജനുവരി മൂന്നിന് മുംബൈയിൽ തുടങ്ങുന്ന മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലാണ് യുപിയിൽനിന്നുള്ള ഇരുപത്തിനാലുകാരനായ മാവി ഇടംപിടിച്ചത്. വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ടു ടീമിലും ഇടം നേടി.

ട്വന്റി 20 ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), കിഷൻ (വിക്കറ്റ് കീപ്പർ), ഗെയ്‌ക്‌വാദ്, ഗിൽ, സൂര്യകുമാർ (വൈസ് ക്യാപ്റ്റൻ), ഹൂഡ, ത്രിപാഠി, സാംസൺ, വാഷിങ്ടൺ, ചാഹൽ, അക്‌സർ, അർഷ്ദീപ്, ഹർഷൽ, ഉമ്രാൻ, മാവി, മുകേഷ്.

ഏകദിന ടീം: രോഹിത് (ക്യാപ്റ്റൻ), ഗിൽ, കോഹ്‌ലി, സൂര്യകുമാർ, ശ്രേയസ്, രാഹുൽ (വിക്കറ്റ് കീപ്പർ.), കിഷൻ (വിക്കറ്റ് കീപ്പർ.), പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൺ, ചാഹൽ, കുൽദീപ്, അക്സർ, ഷമി, സിറാജ്, ഉമ്രാൻ, അർഷ്ദീപ്.

Post a Comment

Previous Post Next Post