(www.kl14onlinenews.com)
(13-DEC-2022)
ദോഹ :
സൂപ്പര്‍ താരങ്ങളും ശക്തരായ ടീമുകളും വീണിടത്ത് പൊരുതിക്കയറി വന്ന ക്രൊയേഷ്യം ലോകകപ്പ് സെമി ഫൈനലില്‍ കിരീട പ്രതീക്ഷയുമായെത്തിയ അര്‍ജന്റീനയെ ഇന്ന് നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
കൈവിട്ട കിരീടം പിടിക്കാന്‍ പത്താം നമ്പരുകാര്‍ കളത്തിലെത്തുന്ന മത്സരം കൂടിയാണ്. 2014-ല്‍ ജര്‍മനിയോട് കലാശപ്പോരാട്ടത്തില്‍ കീഴടങ്ങാനായിരുന്നു മെസിയുടെ അര്‍ജന്റീനയുടെ വിധി. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സാണ് ഫൈനലില്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ മറികടന്നത്. അങ്ങനെ കയ്യെത്തും ദൂരത്ത് നിന്ന് അകന്നു പോയ വിശ്വകിരീടത്തിലേക്ക് അടുക്കാനാകും ഇരുവരും ഇറങ്ങുക.
പ്രതിരോധ നിര ഒന്നിച്ചണിചേര്‍ന്ന് നിന്നാലും ഗോളിന് വഴിയൊരുക്കാനറിയുന്ന മെസി തന്നെയാണ് അര്‍ജന്റീനയുടെ കിരീട പ്രതീക്ഷകള്‍ക്ക് ഇന്ധനമേകുന്നത്. ലോകകപ്പില്‍ നാല് ഗോളും രണ്ട് അസിസ്റ്റുമായി മികച്ച ഫോമിലാണ് മെസി. ഗോള്‍ വേട്ടക്കാരില്‍ ഫ്രാന്‍സിന്റെ എംബാപെയ്ക്ക് തോട്ടു പിന്നിലാണ് സ്ഥാനം. മെസിക്കൊപ്പം ജൂലിയന്‍ ആല്‍വാരസും എന്‍സൊ ഫെര്‍ണാണ്ടസുമൊക്കെ തിളങ്ങിയാല്‍ ഫൈനലെന്ന സ്വപ്നം നേടാം.
മറുവശത്ത് വ്യക്തമായ തന്ത്രങ്ങളോടെയാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണ ഫുട്ബോള്‍ കാഴ്ചവച്ച ബ്രസീലിനെ തളച്ച് പെനാലിറ്റി ഷൂട്ടൗട്ടിലൂടെയാണ് ക്രൊയേഷ്യ എത്തുന്നത്. അര്‍ജന്റീനയ്ക്കെതിരെയും വ്യത്യസ്തമായ തന്ത്രമായിരിക്കില്ല പരിശീലകന്‍ സ്ലാറ്റ്കൊ ഡാലിച്ചിറക്കുക. തോല്‍ക്കാതിരിക്കാനായി ഓരോ നിമിഷവും പോരാടുന്ന ക്രൊയേഷ്യന്‍ നിര കഴിഞ്ഞ ലോകകപ്പ് ആവര്‍ത്തിക്കുമോ എന്നാണ് നോക്കി കാണേണ്ടത്.
അവസാന ലോകകപ്പിനിറങ്ങുന്ന ലൂക്ക മോഡ്രിച്ചിന് അര്‍ഹമായ യാത്രയെപ്പ് നല്‍കുക എന്ന ദൗത്യം സഹതാരങ്ങള്‍ക്കുണ്ട്. ഇവാന്‍ പെരിസിച്ച്, കൊവാസിച്ച്, മോഡ്രിച്ച്, ബ്രോസോവിച്ച് എന്നിവര്‍ക്ക് ഏത് നിമിഷവും കളിയുടെ ഗതിമാറ്റാന്‍ കെല്‍പ്പുണ്ട്. മോഡ്രിച്ചിന്റെ അപ്രതീക്ഷിത ലോങ് റെയ്ഞ്ചറുകള്‍ അര്‍ജന്റീന കരുതിയിരുന്നേ മതിയാകു.
ആക്രമണത്തിനും പ്രതിരോധത്തിനും തുല്യ ഊന്നൽ നല്കിക്കൊണ്ടുള്ള 4-3-3 ശൈലിയിൽ തന്നെയാകും ഇന്ന് അർജൻറീന ഇറങ്ങുക. ലൂക്ക മോഡ്രിച്ച് അടങ്ങുന്ന ക്രോട്ട് മധ്യനിര വലിയ വെല്ലുവിളിയാണെന്നും കടുപ്പമേറിയ പോരാട്ടമാണെന്നും അർജൻറീന കോച്ച് ലയണൽ സ്കലോണി ദോഹയിൽ പറഞ്ഞു. ലോകകപ്പിൽ അഞ്ച് തവണയാണ് അർജൻറീന ഇതിന് മുമ്പ് ഫൈനലിലെത്തിയത്. സെമിയിൽ തോറ്റ് ഇതുവരെ പുറത്തായിട്ടില്ലെന്നതും ടീമിന് ആത്മവിശ്വാസം പകരുന്ന കണക്കാണ്.
അര്‍ജന്റീന – ക്രൊയേഷ്യ ലോകകപ്പ് സെമി ഫൈനല്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-ന് ആരംഭിക്കും.
Post a Comment