ചന്ദ്രഗിരി ഗവ.എൽ.പി. സ്കൂളിലെ കുരുന്നുകളോട് കനിവു കാണിക്കണം: ഡി.ഡി.ഇ.യ്ക്ക് നിവേദനം നൽകി

(www.kl14onlinenews.com)
(09-DEC-2022)

ചന്ദ്രഗിരി ഗവ.എൽ.പി. സ്കൂളിലെ
കുരുന്നുകളോട് കനിവു കാണിക്കണം:
ഡി.ഡി.ഇ.യ്ക്ക് നിവേദനം നൽകി
കാസർകോട്: മേല്പറമ്പ,
ചന്ദ്രഗിരി ഗവ. എൽ.പി. സ്കൂളിൽ അനുഭവപ്പെടുന്ന സ്ഥലപരിമിതിക്ക് ശാശ്വത പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടുകൊണ്ടു ജി.എൽ.പി.എസ്. ചന്ദ്രഗിരി പൂർവ്വ വിദ്യാർത്ഥി സംഘടന ഡി.ഡി.ഇ.യ്ക്ക് നിവേദനം നല്കി. ഡി.ഡി.ഇ. യുടെ അഭാവത്തിൽ അഡ്മിനിസ്ട്രേറ്റീവു അസിസ്റ്റൻ്റ് ശ്രീ സുരേന്ദ്രൻ. ബി. യ്ക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൻ ഡ്രോസർ അബ്ദുല്ല, വൈസ് ചെയർമാൻ സൈഫുദ്ദീൻ .കെ. മക്കോട്, പി.ടി.എ. പ്രസിഡൻ്റ് അശോകൻ. പി.കെ. എന്നിവർ ചേർന്നു നിവേദനം കൈമാറി.

1893 ൽ ബ്രിട്ടീഷ് ഭരണകാലത്ത് കന്നഡ മീഡിയം ആയി ആരംഭിച്ച ചന്ദ്രഗിരി ഗവ. എൽ.പി. സ്കൂളിനു 1998 ൽ ആണു വാടക കെട്ടിടത്തിൽ നിന്നു മോചനം ലഭിക്കുന്നത്. അന്നു ചന്ദ്രഗിരി ഗവ. ഹൈസ്കൂളിൻ്റെ കോമ്പോണ്ടിനകത്തെ ഇരുപതു സെൻ്റ് വരുന്ന പുറമ്പോക്ക് സ്ഥലത്ത് നിർമ്മിതി കേന്ദ്ര വക കെട്ടിടത്തിലേക്ക് എൽ.പി. സ്കൂളിനെ മാറ്റിയെങ്കിലും കുട്ടികൾക്ക് മതിയായ കളിസ്ഥലം നാളിതുവരെ പരിഗണിച്ചതേയില്ല.

നിലവിൽ എൽ.പി. സ്കൂളിൽ 201 കുട്ടികൾ പഠിക്കുന്നുണ്ടു. നാല്കെട്ട് വീടിൻ്റെ മാതൃകയിലാണു ഈ സ്കൂളിൻ്റെ കിടപ്പ്. നാലുകെട്ടിൻ്റെ നടുമുറ്റത്തിൻ്റെ വലിപ്പമുള്ള സ്ഥലമാണു ഇന്നു കുട്ടികളുടെ കളിസ്ഥലം. മൂന്നു ഭാഗത്തും എൽ.പി.സ്കൂൾ വക മൂന്നു കെട്ടിടം. നാലാമത്തെ ഭാഗം അടച്ചു കൊണ്ടു ഹൈസ്കൂൾ വക കെട്ടിടം. തെക്ക് ഭാഗത്തുള്ള ഈ ഹൈസ്ക്കൂൾ വക കെട്ടിടം കാലപ്പഴക്കം കാരണം പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാൻ പോവുകയാണു. പൊളിച്ചു മാറ്റുന്ന കെട്ടിടത്തിനു പകരം അവിടെ പുതിയ ഒരു കെട്ടിടം ഉയർന്നാൽ എൽ.പി. സ്ക്കൂളിൻ്റെ വികസനം എന്നന്നേക്കുമായി കൊട്ടിയടക്കപ്പെടും. അതു മാത്രമല്ല, നിലവിൽ നാലു ഡിവിഷനുകൾ വർദ്ധിപ്പിക്കാനുള്ള എണ്ണം കുട്ടികൾ സ്ക്കൂളിലുണ്ടെങ്കിലും സ്ഥലപരിമിതി കാരണം, ഡിവിഷൻ വർദ്ധിപ്പിക്കാനോ കൂടുതൽ കുട്ടികൾക്ക് അഡ്മിഷൻ നല്കാനോ സാധിക്കുന്നില്ല. 
 അതിനാൽ പ്രസ്തുത കെട്ടിടം ഉയരുന്നതിനു മുമ്പു എൽ.പി. സ്കൂളിൽ അനുഭവപ്പെടുന്ന സ്ഥലപരിമിതിക്ക് ശാശ്വത പരിഹാരം കാണമെന്നു നിവേദനത്തിൽ പറയുന്നു.

Post a Comment

Previous Post Next Post