(www.kl14onlinenews.com)
(08-DEC-2022)
കൊച്ചി :
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതില്‍ സജി ചെറിയാന്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. മന്ത്രിസ്ഥാനത്ത് നിന്ന് രാജി വെച്ചത് കൊണ്ട് പ്രശ്‌നം തീരില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നുമാണ് ഹര്‍ജി. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്..
നേരത്തെ ഹര്‍ജിയില്‍ വാദം കേട്ട കോടതി സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പരാതിയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസും നീക്കം ആരംഭിച്ചു. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. എന്നാല്‍, കേസ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഡിജിപിയുടെ നിര്‍ദേശപ്രകാരമാവും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും കേസന്വേഷിക്കുന്ന തിരുവല്ല ഡിവൈഎസ്പി പറയുന്നു.
إرسال تعليق