ക്രൊയേഷ്യയോട് പകരംവീട്ടി അർജന്റീന; 2018ലെ തോൽവിക്ക് കണക്ക് തീർത്തത് അതേ സ്കോറിൽ

(www.kl14onlinenews.com)
(14-DEC-2022)

ക്രൊയേഷ്യയോട് പകരംവീട്ടി അർജന്റീന; 2018ലെ തോൽവിക്ക് കണക്ക് തീർത്തത് അതേ സ്കോറിൽ
ദോഹ:എതിർ മുന്നേറ്റങ്ങളെ, അത് ഏതു താരത്തിൽ നിന്നായാലും, മുനയൊടിച്ചു വിടുകയെന്ന ക്രൊയേഷ്യൻ കോച്ച് സ്‍ലാറ്റ്കോ ഡാലിച്ചിന്റെ തന്ത്രത്തിന് അതേ നാണയത്തിൽ അർജന്റീന തിരിച്ചടി നൽകിയ മത്സരത്തിൽ സർവം മെസ്സിമയം. അർജന്റീനയ്ക്കായി 2 ഗോൾ നേടുകയും ടീമിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ പെനൽറ്റിക്ക് കാരണമാകുകയും ചെയ്ത ജൂലിയൻ അൽവാരസ് കളം നിറഞ്ഞ മത്സരത്തിൽ, അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോർഡ് ലയണൽ മെസ്സി സ്വന്തം പേരിൽ മാറ്റിഎഴുതി. ക്രൊയേഷ്യയ്ക്കെതിരെ നേടിയത് ലോകകപ്പിൽ മെസ്സിയുടെ 11–ാം ഗോൾ. 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണു മറികടന്നത്. 

ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരം എന്ന ജർമനിയുടെ മുൻ താരം ലോതർ മത്തേയൂസിന്റെ റെക്കോർഡിനൊപ്പമെത്തി ലയണൽ മെസ്സി. ഇരുവരും 25 ലോകകപ്പ് മത്സരങ്ങൾ വീതം കളിച്ചു. ഒരു ലോകകപ്പിൽ 5 ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും മുപ്പത്തിയഞ്ചുകാരൻ മെസ്സി സ്വന്തം പേരിൽ കുറിച്ചു. ഒരു കളിയിൽ തന്നെ ഗോളും അസിസ്റ്റും എന്ന കണക്കിൽ ലോകകപ്പിലെ 4 മത്സരങ്ങളി‍ൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ലയണൽ മെസ്സി. 2006ൽ സെർബിയയ്ക്കെതിരെയും ഈ ലോകകപ്പിൽ മെക്സിക്കോ, നെതർലൻഡ്സ്, ക്രൊയേഷ്യ എന്നീ ടീമുകൾക്കെതിരെയും മെസ്സി ഗോളും അസിസ്റ്റും നേടി.ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ നേടിയ താരം എന്ന ബ്രസീലിയൻ ഇതിഹാസതാരം റൊണാൾഡോയുടെ റെക്കോർഡിനൊപ്പവും ലയണൽ മെസ്സിയെത്തി. 13 മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ ഇരുവരും നേടിയിട്ടുണ്ട്.

അർജന്റീനയുടെ ആറാം ഫൈനൽ പ്രവേശനമാണ് ഇത്. 2018 ലെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയോട് ഏറ്റ തോൽവിക്ക് പകരംവീട്ടി അർജന്റീന. റഷ്യൻ ലോകകപ്പിൽ ഏതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്  ക്രൊയേഷ്യ അർജന്റീനയെ തോൽപ്പിച്ചിരുന്നു. അതേ സ്കോറിൽ ക്രൊയേഷ്യയെ തോൽപ്പിച്ചാണ് അർജന്റീനയുടെ മധുരപ്രതികാരം. മെസ്സിയെ മാറ്റിനിർത്തിയാൽ ഇപ്പോഴത്തെ അർജന്റീന ടീമിൽ ലോകോത്തര താരങ്ങൾ എന്നു വിശേഷിപ്പിക്കാവുന്നവർ അധികമില്ലെന്ന ആത്മവിശ്വാസത്തിൽ തന്ത്രമൊരുക്കിയ  ക്രൊയേഷ്യയ്ക്ക് കിട്ടിയ കനത്ത പ്രഹരമായിരുന്നു ജൂലിയൻ അൽവാരസ് എന്ന 22കാരൻ. 

ഡിഫൻഡർമാരും മിഡ്ഫീൽഡർമാരും നൽകുന്ന ത്രൂബോളുകളുമായി മുന്നേറുകയായിരുന്നു അൽവാരസിന്റെ പ്രധാന ദൗത്യം. 33–ാം മിനിറ്റിൽ അൽവാരസിന്റെ ബോക്സിലേക്കുള്ള ഓട്ടം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൊയേഷ്യ പെനൽറ്റി വഴങ്ങിയത്. 40–ാം മിനിറ്റിൽ മൈതാനമധ്യത്തിൽ നിന്നുള്ള ഓട്ടം അർജന്റീനയ്ക്ക് രണ്ടാം ഗോളും നൽകി. ഖത്തർ ലോകകപ്പിൽ ഇതുവരെ അൽവാരസ് 4 ഗോൾ നേടി. സെമിയിൽ ലയണൽ മെസ്സിയെ പ്രത്യേകം മാർക്ക് ചെയ്യില്ലെന്നു ക്രൊയേഷ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മറുഭാഗത്ത് അർജന്റീന മുന്നേറ്റനിരയിൽ മെസ്സി ഓടിക്കളിക്കാതെ ഊർജം കാത്തപ്പോൾ ജൂലിയൻ അൽവാരസ് കൂടു തുറന്നു വിട്ടതു പോലെ പരക്കം പായുകയായിരുന്നു. അൽവാരസിന്റെ ഓട്ടം നിസ്സാരമായി കണ്ടതിന് ക്രൊയേഷ്യൻ പ്രതിരോധത്തിനു കിട്ടിയ ശിക്ഷയായിരുന്നു ആദ്യ രണ്ടു ഗോളുകളും

അവസാന ലോകകപ്പിൽ കിരീടവുമായി മടങ്ങാൻ മെസ്സിക്കു മുന്നിലുള്ളത് ഇനി ഒരേയൊരു മത്സരം. 18ന് ഇതേ സ്റ്റേഡിയത്തിൽത്തന്നെ. കിരീടനേട്ടത്തോടെ തന്റെ അവസാന ലോകകപ്പ് അവിസ്‍മരണീയമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ മെസ്സി രാജ്യാന്തര മാധ്യമത്തോട് പങ്കുവയ്ക്കുകയും ചെയ്‌തു. 39, 69 മിനിറ്റുകളിലായിരുന്നു അൽവാരസിന്റെ ഗോളുകൾ. 34-ാം മിനിറ്റിൽ അൽവാരസ് നേടിയെടുത്ത പെനൽറ്റി മെസ്സി ലക്ഷ്യത്തിലെത്തിച്ചു. 5 ഗോളുകളോടെ ടോപ് സ്കോറർ പോരാട്ടത്തിൽ ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കൊപ്പം ഒന്നാമതെത്തുകയും ചെയ്തു.

Post a Comment

Previous Post Next Post