തീക്കുഴിച്ചാലിൽ അടിപ്പാത പണിയണം, ജനകീയ കൂട്ടായ്മ ഡിസംബർ 17ന്

(www.kl14onlinenews.com)
(14-DEC-2022)

തീക്കുഴിച്ചാലിൽ അടിപ്പാത പണിയണം, ജനകീയ കൂട്ടായ്മ ഡിസംബർ 17ന്

ചെറുവത്തൂർ: ദേശീയപാത ആറുവരിയാക്കുമ്പോൾ പിലിക്കോട് തീകുഴിച്ചാലിൽ അടിപ്പാത പണിയണമെന്ന ആവശ്യം ശക്തമാകുന്നു. വികസന പ്രവൃത്തി പൂർത്തിയാകുന്നതോടെ രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ഏച്ചിക്കുളങ്ങര ആറാട്ടിന് കടന്നുപോകാൻ വഴിയില്ലാതാവുകയും പിലിക്കോട് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ പോക്കുവരവ് തടസ്സപ്പെടുകയും ചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അതിനാൽ ഈ പ്രദേശത്ത് ഒരു അടിപ്പാത ആവശ്യപ്പെട്ട് ആറാട്ട് വഴി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ദേശീയപാത വികസന പ്രവൃത്തിയുടെ ആലോചനാ ഘട്ടം മുതൽ ക്ഷേത്രം ട്രസ്റ്റി ബോർഡ്, നവീകരണ സമിതി ഭാരവാഹികൾ പലതവണ ഈ ആവശ്യം ഉന്നയിച്ച് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. അനുകൂലമായ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രയരമംഗലം ഭഗവതി ക്ഷേത്ര-ഉപക്ഷേത്ര ആചാരസ്ഥാനീകരും ഊരാള കുടുംബ പ്രതിനിധികളും ക്ഷേത്രക്കമ്മിറ്റികളും നാട്ടുകാരും ചേർന്ന് ആറാട്ട് വഴി സംരക്ഷണ സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതെന്നു ഭാരവാഹികൾ പറയുന്നു. 
ശനിയാഴ്ച വൈകുന്നേരം 3.30 ന് പിലിക്കോട് ഗവ.ഹയർസെക്കൻഡറി സ്‌കൂളന് സമീപം കരക്കക്കാവ് ഭഗവതി ക്ഷേത്ര വടക്കേനടയിലെ തീക്കുഴിച്ചാലിൽ  നടക്കുന്ന ജനകീയ കൂട്ടായ്മ  തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. ആറാട്ട് വഴി സംരക്ഷണ സമിതി ചെയർമാൻ പി.പി.അടിയോടി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.
വാർത്ത സമ്മേളനത്തിൽ ആറാട്ട് വഴി സംരക്ഷണ സമിതി  ചെയർമാൻ  പി പി അടിയോടി, ജനറൽ കൺവീനർ എം പി പത്മനാഭൻ, ടി വി കൃഷ്ണൻ, സി ശശി, സി കെ രഘുനാഥ്, എം മുരളി  തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post