സാങ്കേതിക സര്‍വകലാശാല വിസി നിയമനം: തര്‍ക്കങ്ങള്‍ കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി

(www.kl14onlinenews.com)
(11-NOV-2022)

സാങ്കേതിക സര്‍വകലാശാല വിസി നിയമനം: തര്‍ക്കങ്ങള്‍ കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം ചോദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുട്ടികളുടെ ഭാവിയാണ് പ്രധാനമെന്ന് കോടതി അഭിപ്രായപ്പെട്ടു.

വിസിയെ നിയമിക്കുന്നതിനായി മാനദണ്ഡങ്ങള്‍ വേണ്ടെ എന്ന് പരിശോധിക്കണം. സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കണോ എന്നുള്ളത് സര്‍ക്കാരും അധികാരികളും വിചാരിക്കണം. അതില്‍ ഒരു അന്തിമ തീരുമാനം എടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തില്‍ യുജിസിയോടും നിലപാടറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എല്ലാ കക്ഷികളും ബുധനാഴ്ചയ്ക്ക് മുന്‍പ് സത്യവാങ്മൂലം സമര്‍പ്പിക്കണം. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിന് ഹര്‍ജി സമര്‍പ്പിക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നവരുടേയും സിസ തോമസിന്റേയും യോഗ്യത അറിയിക്കണം. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

വിസിയെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ഗവര്‍ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നു. നിയമവിരുദ്ധമായുള്ള ഗവര്‍ണറുടെ നടപടി റദ്ദാക്കാണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

Post a Comment

Previous Post Next Post