ട്വന്‍റി 20 ലോകകപ്പ്: ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനെതിരെ, ഇന്ത്യക്ക് സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ

(www.kl14onlinenews.com)
(07-NOV-2022)

ട്വന്‍റി 20 ലോകകപ്പ്: ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനെതിരെ, ഇന്ത്യക്ക് സെമിയിൽ ഇംഗ്ലണ്ട് എതിരാളികൾ
സിഡ്‌നി: അട്ടിമറികള്‍ക്കും പ്രവചനാതീതമായ മത്സരങ്ങള്‍ക്കുമൊടുവില്‍ ടി20 ലോകകപ്പ് സെമി ഫൈനലിന് കളമൊരുങ്ങു. നവംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 1.30 ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെ നേരിടും. സിഡ്‌നിയിലാണ് മത്സരം. രണ്ടാം ടി20യില്‍ ഇന്ത്യ, ഇംഗ്ലണ്ടിനേയും നേരിടും. ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡിലാണ് മത്സരം. ഫൈനല്‍ 13ന് ഉച്ചയ്ക്ക് 1.30ന് മെല്‍ബണില്‍ നടക്കും. ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെയാണ് സെമിഫൈനല്‍ ക്രമം പുറത്തായത്.

ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിരുന്നു. ഇതോടെ, ഇന്ത്യക്കൊപ്പം സെമി കടക്കുമെന്ന് ഉറച്ചിരുന്ന ദക്ഷിണാഫ്രിക്ക പുറത്തായി. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം പരാജയപ്പെട്ടു. ഒരെണ്ണം മഴയില്‍ ഒലിച്ചു പോയതോടെ പോയിന്റ് പങ്കിടേണ്ടിവന്നു. പാകിസ്ഥാനെതിരേയും ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരേയുമാണ് ദക്ഷിണാഫ്രിക്ക് പരാജയപ്പെട്ടത്.

തുടര്‍ന്ന് നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെ സെമിയിലേക്ക് മുന്നേറി. രണ്ട് മത്സരങ്ങള്‍ തോറ്റിട്ടും പാകിസ്ഥാന്‍ സെമിയിലെത്തിയെന്നുള്ളതാണ് അത്ഭുതം. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്‍, സിംബാബ്‌വെയുടെ മുന്നിലും അടിയറവ് പറഞ്ഞു. എന്നാല്‍ ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ്, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറി. കൂടാതെ നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതും ടീമിന് ഗുണം ചെയ്തു.

പാക്കിസ്ഥാനെ രക്ഷിച്ച ‍ഡച്ചുപട; സെമി ‘ഉറപ്പിച്ച’ ദക്ഷിണാഫ്രിക്കയ്ക്ക് ഞെട്ടൽ, പുറത്ത്

അഡ്‌ലെയ്ഡ്, നെതർലൻഡ്സിനോട് പാക്കിസ്ഥാൻ എത്ര നന്ദി പറയണം! ട്വന്റി20 ലോകകപ്പിൽ സെമിഫൈനൽ സാധ്യത ഏറെക്കുറെ  അസ്തമിച്ചു നിന്ന പാക്ക് നിരയ്ക്ക് അപ്രതീക്ഷിതമായി ഡച്ചുകാർ കയ്യിൽ വച്ചു കൊടുത്തത് സുവർണാവസരം. ഇന്നലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ 13 റൺസിന് അട്ടിമറിച്ചതോടെയാണ് പാക്കിസ്ഥാന് സാധ്യത തെളിഞ്ഞത്.

അവസരം മുതലെടുത്ത പാക്കിസ്ഥാൻ ബംഗ്ലദേശിനെതിരെ 5 വിക്കറ്റ് ജയവുമായി അവസാന നാലിലെത്തി. ഇതോടെ സൂപ്പർ 12 ഘട്ടത്തിൽ ആദ്യ 2 മത്സരം ജയിച്ചും മൂന്നാം മത്സരം തോൽക്കാതെയും സെമി ഏറെക്കുറെ ഉറപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്ക പുറത്ത്. ആദ്യ രണ്ടു മത്സരം തോറ്റതോടെ ലോകകപ്പിൽ പുറത്താകലിന്റെ വക്കിലായിരുന്ന പാക്കിസ്ഥാൻ പിന്നീടുള്ള മൂന്നു മത്സരങ്ങളും ജയിച്ചാണ് സെമിയിൽ‌ ഇടംപിടിക്കുന്നത്. ഗ്രൂപ്പ് രണ്ടിൽ ഇന്ത്യയ്ക്കു പിന്നിലായി രണ്ടാംസ്ഥാനത്താണ് പാക്കിസ്ഥാൻ

സൂപ്പർ അട്ടിമറി 

അട്ടിമറികളുടെ ഈ ലോകകപ്പിലെ സൂപ്പർ അട്ടിമറിയായി ദക്ഷിണാഫ്രിക്കയുടെ വീഴ്ച. യോഗ്യതാ മത്സരങ്ങൾ കളിച്ച് സൂപ്പർ 12ൽ ഇടം നേടിയ നെതർലൻഡ്സ് 13 റൺസിനാണ് ചരിത്ര വിജയം നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന നെതർലൻഡ്സ് ടീം ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ഫാസ്റ്റ് ബോളിങ് നിരയെ വീറോടെ നേരിട്ട് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 158 എന്ന ഭേദപ്പെട്ട സ്കോർ നേടി. അച്ചടക്കമുള്ള ബോളിങ്ങിന്റെയും മികച്ച ഫീൽഡിങ്ങിന്റെയും കരുത്തിൽ ഓറഞ്ച് പട ദക്ഷിണാഫ്രിക്കയുടെ വമ്പൻ ബാറ്റിങ് നിരയെ 20 ഓവറിൽ 8ന് 145ൽ ഒതുക്കുകയും ചെയ്തു. 

ലക്കിസ്ഥാൻ 

ദക്ഷിണാഫ്രിക്ക തോറ്റതോടെ  പാക്കിസ്ഥാൻ –ബംഗ്ലദേശ് മത്സരം ഫലത്തിൽ നോക്കൗട്ടായി. ജയിക്കുന്ന ടീം സെമിയിലെത്തുന്ന കളിയിൽ  ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് നജ്മുൽ ഹുസൈൻ ഷാന്റോയുടെ (54) മികവിൽ കുതിച്ചെങ്കിലും ഷഹീൻ അഫ്രീദിയുടെ മികച്ച ബോളിങ് പ്രകടനത്തിൽ (4ന് 22) 8ന് 127ൽ ഒതുങ്ങി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണെങ്കിലും 11 പന്ത് ബാക്കി നിർത്തി പാക്കിസ്ഥാൻ ലക്ഷ്യം കണ്ടു. മുഹമ്മദ് റിസ്‌വാനാണ് (32) ടോപ് സ്കോറർ.

Post a Comment

Previous Post Next Post