മെല്‍ബണില്‍ ബെന്‍ സ്റ്റോക്‌സ് രക്ഷകനായി, പാകിസ്ഥാനെ തകര്‍ത്ത് ട്വന്റി 20 ലോകകപ്പ് ഇംഗ്ലണ്ടിന്

(www.kl14onlinenews.com)
(13-NOV-2022)

മെല്‍ബണില്‍ ബെന്‍ സ്റ്റോക്‌സ് രക്ഷകനായി, പാകിസ്ഥാനെ തകര്‍ത്ത് ട്വന്റി 20 ലോകകപ്പ് ഇംഗ്ലണ്ടിന്
മെല്‍ബൺ:
ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 6 പന്ത് ബാക്കി നില്‍ക്കെയാണ് ഇംഗ്ലണ്ട് മറികടന്നത്. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സിന്റെ പ്രകടനമാണ് നിര്‍ണായകമായത്. പാക്കിസ്ഥാന്‍ ബോളിങ് നിര ആധിപത്യം നേടുമെന്ന് തോന്നിച്ച സമയത്തായിരുന്നു സ്റ്റോക്ക്സ് എത്തിയതും ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചതും.
138 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഫോമിലുള്ള അലക്സ് ഹെയില്‍സിനെ നഷ്ടമായിരുന്നു. ഷഹീന്‍ അഫ്രിദിയുടെ പന്തില്‍ ഹെയില്‍സ് ബൗള്‍ഡാവുകയായിരുന്നു. എന്നാല്‍ മെല്‍ബണിലെ വലിയ മൈതാനത്ത് ബൗണ്ടറികള്‍ കണ്ടെത്തി നായകന്‍ ബട്ട്ലര്‍ നിറഞ്ഞാടി. നാലാം ഓവറില്‍ ഫിലിപ് സാള്‍ട്ടിനെ (10) മടക്കി ഹാരിസ് റൗഫ് പാക്കിസ്ഥാന് രണ്ടാം വിക്കറ്റ് സമ്മാനിച്ചു.

137-ല്‍ ഒതുങ്ങി പാക്കിസ്ഥാന്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ അനുവദിച്ചില്ല. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുന്‍ ചാമ്പ്യന്മാര്‍ 137 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനായി സാം കറന്‍ മൂന്നും ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

മുഹമ്മദ് റിസ്വാനെ കേവലം 15 റണ്‍സിന് പറഞ്ഞയച്ച് കറനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് കാര്യമായ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ ബാറ്റിങ് നിരയ്ക്ക് കഴിഞ്ഞിരുന്നില്ല. റിസ്വാന് പുറമെ ബാബര്‍ അസം (32), ഷാന്‍ മസൂദ് (38), ഷദാബ് ഖാന്‍ (20) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഗ്രൗണ്ടിന്റെ വലിപ്പം പരിഗണിക്കാതെ കൂറ്റന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പാക് ബാറ്റര്‍മാര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

പവര്‍പ്ലെ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 39-1 എന്ന നിലയിലായിരുന്നു. പത്ത് ഓവര്‍ പിന്നിട്ടപ്പോഴും റണ്‍ റേറ്റ് ആറിന് മുകളിലെത്തിക്കാനായില്ല. 68 റണ്‍സായിരുന്നു ഇന്നിങ്സിന്റെ പാതിവഴിയിലെത്തിയപ്പോള്‍ സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. 11-ാം ഓവറില്‍ ലിയാം ലിവിങ്സ്റ്റണിന്റെ ഓവറില്‍ 16 റണ്‍സ് എടുത്തത് മാറ്റി നിര്‍ത്തിയാല്‍ പാക് ഇന്നിങ്സില്‍ കൂറ്റന്‍ ഓവറുകള്‍ പിറന്നില്ല. 11-ാം ഓവറില്‍ സൃഷ്ടിച്ച ഒഴുക്ക് പിന്നീട് തുടരാനും സാധിച്ചില്ല.

പാക്കിസ്ഥാന് ഏറ്റവും വലിയ തിരച്ചിടിയുണ്ടായത് അവസാന നാല് ഓവറുകളിലാണ്. സാം കറണും ക്രിസ് ജോര്‍ദാനും ബാറ്റര്‍മാര്‍ക്ക് ഒരു അവസരവും നല്‍കിയില്ല. നാല് ഓവറില്‍ 18 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്, രണ്ട് വിക്കറ്റും നേടി. ഒരു ബൗണ്ടറി മാത്രമാണ് അവസാന 24 പന്തുകളില്‍ നിന്ന് നേടാനായത്.

നേരത്ത ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരുടീമുകളും കലാശപ്പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. മഴ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഫീല്‍ഡ് തിരഞ്ഞെടുത്ത ടീമിനാണ് മുന്‍തൂക്കം. എന്നാല്‍ നിലവില്‍ മെല്‍ബണില്‍ തെളിഞ്ഞ കാലാവസ്ഥയാണ്.

പാകിസ്ഥാൻ: ബാബർ അസം, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി.

ഇംഗ്ലണ്ട്: ജോസ് ബട്ട്‌ലർ, അലക്‌സ് ഹെയ്‌ൽസ്, ഫിലിപ്പ് സാൾട്ട്, ബെൻ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റൺ, മൊയിൻ അലി, സാം കുറാൻ, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്.

Post a Comment

Previous Post Next Post