ചാൻസലർ പദവിയിൽ നിന്നും മാറ്റിയത് സർക്കാരിന്റെ സ്വാതന്ത്ര്യം: ഗവർണർ

(www.kl14onlinenews.com)
(13-NOV-2022)

ചാൻസലർ പദവിയിൽ നിന്നും മാറ്റിയത് സർക്കാരിന്റെ സ്വാതന്ത്ര്യം: ഗവർണർ
ഡൽഹി : കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ പദവിയിൽ നിന്നും തന്നെ മാറ്റിയത് സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാറ്റിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തീരുമാനം നിയമപരമാണോ എന്നതിൽ പ്രതികരണത്തിനില്ലെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്നും ഗവർണറെ ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കലാമണ്ഡലം ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റി സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കിയത്.

ചാൻസലറുടെ അസാന്നിധ്യത്തിൽ, പ്രോ ചാൻസലറായ സാംസ്‌കാരിക മന്ത്രി വി എൻ വാസവനാണ് ചുമതല നിർവഹിക്കുക. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നും തന്നെ മാറ്റാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചേക്കുമെന്ന് ഗവർണർ നേരത്തെ സൂചിപ്പിച്ചിരുന്നു.

തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞു. നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Post a Comment

Previous Post Next Post