ടി20 ലോകകപ്പ്: വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനല്‍ സ്വപ്നം കണ്ട് ആരാധകര്‍; സാധ്യതകള്‍ ഇങ്ങനെ

(www.kl14onlinenews.com)
(07-NOV-2022)

ടി20 ലോകകപ്പ്: വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനല്‍ സ്വപ്നം കണ്ട് ആരാധകര്‍; സാധ്യതകള്‍ ഇങ്ങനെ
മെല്‍ബണ്‍: ഇന്ത്യ, പാകിസ്ഥാൻ സ്വപ്ന ഫൈനലിന് കളമൊരുക്കി ടി20 ലോകകപ്പിലെ സെമിഫൈനൽ ലൈനപ്പ്. സെമിയിൽ ഇന്ത്യക്ക് ഇംഗ്ലണ്ടും പാകിസ്ഥാന് ന്യുസീലൻഡുമാണ് എതിരാളികൾ. അടുത്ത ഞായറാഴ്ച മെല്‍ബണിലാണ് ഫൈനൽ. വൻവീഴ്ചകളും മലക്കംമറിച്ചിലുകളും കണ്ട ടി20 ലോകകപ്പിൽ ഇനി ബാക്കി നാല് ടീമുകളും മൂന്ന് കളിയും മാത്രമാണ് ബാക്കി. രണ്ട് കളി ജയിക്കുന്നവർ ടി20യിലെ പുതിയ രാജാക്കൻമാരാകും.

ഇന്ത്യ, പാകിസ്ഥാൻ കിരീട പോരാട്ടത്തിന് കളമൊരുക്കുന്നതാണ് സെമിഫൈനൽ ലൈനപ്പ്. നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയും കരുത്തരായ ദക്ഷിണാഫ്രിക്കയും സെമിയിലെത്താതെ വീണു. ബുധാനാഴ്ച ആദ്യ സെമിയിൽ പാകിസ്ഥാൻ ന്യുസീലൻഡിനെയും വ്യാഴാഴ്ച ഇന്ത്യ, ഇംഗ്ലണ്ടിനെയും നേരിടും. ഇന്ത്യ സെമിയിലെത്തിയത് രണ്ടാംഗ്രൂപ്പിൽ നാല് കളിയും ജയിച്ച് ആധികാരികമായി. നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതാണ് പാകിസ്ഥാന് സെമിയിലേക്കുള്ള വഴിതുറന്നത്.

നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ വീഴ്ത്തി പാകിസ്ഥാനും അപ്രതീക്ഷിതമായി അവസാന നാലിലെത്തി. ഇന്ത്യയോടും സിംബാബ്‍വേയോടും തോറ്റതിന് ശേഷമായിരുന്നു പാകിസ്ഥാന്‍റെ മുന്നേറ്റം. ഇന്ത്യയും പാകിസ്ഥാനും സെമി കടമ്പ പിന്നിട്ടാൽ ക്രിക്കറ്റ് ലോകത്തെ കാത്തിരിക്കുന്നത് ടി20 ലോകകപ്പിന് കിട്ടാവുന്നതിൽ വച്ചേറ്റവും ത്രസിപ്പിക്കുന്ന കിരീടപ്പോരാട്ടം.

ഒക്ടോബർ 23ന് ആദ്യ മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനം നേർക്കുനേർ വന്നപ്പോൾ കളത്തിനകത്തും പുറത്തും സമ്മർദവും ആവേശവും ഇരമ്പിക്കയറി. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസിക മത്സരത്തിൽ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്ത് തുണച്ചപ്പോൾ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ അനശ്വര വിജയം.

2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനുമാണ് ഫൈനല്‍ കളിച്ചത്. ആവേശം അവസാനം വരെ നീണ്ട മത്സരത്തില്‍ മിസ്ബ് ഉള്‍ ഹഖിന്‍റെ സ്കൂപ്പ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ മലയാളി താരം ശ്രീശാന്ത് കൈയിലൊതുക്കിയാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. ഇതിനുശേഷം ഐസിസി ടൂര്‍ണമെന്‍റുകളില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനല്‍ വന്നത് 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു. ഇന്ന് മുഹമ്മദ് ആമിറിന്‍റെ പേസ് മികവില്‍ പാക്കിസ്ഥാന്‍ ജേതാക്കളായി. ഈ ലോകകപ്പില്‍ ഇന്ത്യയുടം പാക്കിസ്ഥാനും ഫൈനലിലെലെത്തിയാല്‍ മെല്‍ബണിലെ ഒരുലക്ഷത്തോളം വരുന്ന കാണികളുടെ പിന്തുണയും നിര്‍ണായകമാവും.

Post a Comment

Previous Post Next Post