ഖത്തർ ലോകകപ്പ്: ആരാധകർക്കായി അണിഞ്ഞൊരുങ്ങി റാസ് ബു അബൗദ് ബീച്ച്

(www.kl14onlinenews.com)
(07-NOV-2022)

ഖത്തർ ലോകകപ്പ്:
ആരാധകർക്കായി അണിഞ്ഞൊരുങ്ങി റാസ് ബു അബൗദ് ബീച്ച്
ദോഹ:ആരാധകരേ ഇതിലേ ഇതിലേ. ലോകകപ്പ് ആരാധകർക്ക് സ്വാഗതമേകാൻ ഒരുങ്ങി 974 ബീച്ച് (റാസ് ബു അബൗദ് ബീച്ച്).
പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാലിന്റെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവൽക്കരിക്കുന്ന സൂപ്പർവൈസറി കമ്മിറ്റിയാണു 974 ബീച്ചിന്റെ നിർമാണജോലികൾ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചത്.

ലോകകപ്പിന്റെ ആഘോഷ വേദികളിലൊന്നാണു 974 സ്‌റ്റേഡിയത്തോടു ചേർന്നുള്ള ബീച്ച്. ഖത്തറിന്റെ വിനോദസഞ്ചാര ശ്രേണിയിലേക്കുള്ള പുതിയ ആകർഷണം കൂടിയാണ് 1.2 കിലോമീറ്റർ നീളുന്ന ബീച്ച്.

എല്ലാ വിഭാഗം സഞ്ചാരികൾക്കും ലോകകപ്പിനെത്തുന്ന ആരാധകർക്കും ആസ്വാദത്തിനുള്ള കാഴ്ചകളും സൗകര്യങ്ങളും ഏറെയുണ്ട് ഇവിടെ. ബീച്ചിന് എതിർവശത്തായി വെസ്റ്റ്‌ബേയുടെ മനോഹരമായ ആകാശക്കാഴ്ചയും കാണാം. നടക്കാനും സൈക്കിൾ സവാരിക്കുമായി 2.6 കിലോമീറ്റർ പാത, കായിക പരിശീലനത്തിനും ബീച്ച് ഗെയിംസിനുമുള്ള ഏരിയകൾ, തണലേകാൻ 512 മരങ്ങൾ, ഇരിക്കാൻ 77 ബെഞ്ചുകൾ, 4 സർവീസ് കെട്ടിടങ്ങൾ, റസ്റ്ററന്റുകൾ, കഫേകൾ, ടോയ്‌ലറ്റുകൾ, ബീച്ച് ഷവറുകൾ, 36 ബൈക്ക് പാർക്കിങ് റാക്കുകൾ, വെയിലേറ്റ് കിടക്കാൻ 486 സൺ ബെഡുകൾ, തണലേകാൻ വലിയ കുടകൾ, 255 പാർക്കിങ് സ്ഥലങ്ങൾ, വൈ-ഫൈ സേവനം, പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കുള്ള സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ഒരേസമയം 5,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ബീച്ച്.

ബീച്ചിലേക്കുള്ള 600 മീറ്റർ റോഡുകളുടെ നിർമാണ,നവീകരണങ്ങളും പൂർത്തിയാക്കി. ഇതിനു പുറമേ ബീച്ചിൽ നിന്ന് റാസ് ബു അബൗദ് റോഡിന്റെ വശങ്ങളിലൂടെ കോർണിഷിലേക്കു പോകാനുള്ള 1.9 കിലോമീറ്റർ പാതയും നിർമിച്ചിട്ടുണ്ട്.

അതിരില്ലാതെ ആവേശം; ആരാധകർ ഖത്തറിലേക്ക് എത്തിത്തുടങ്ങി

ദോഹ,കാൽപന്തുകളിയുടെ ലോക മാമാങ്കത്തിലേക്കുള്ള ദിവസങ്ങളുടെ എണ്ണം ചുരുങ്ങുമ്പോൾ രാജ്യമെങ്ങും കളിയാവേശം മാത്രം. ഫുട്‌ബോൾ ആരാധകർ ഖത്തറിലേക്ക് എത്തിത്തുടങ്ങിയതോടെ സ്വദേശി, പ്രവാസി സംഘടനകളും ആരാധക കൂട്ടങ്ങളും ഉഷാറായി. ഫുട്‌ബോൾ ആഘോഷമാക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ് ഖത്തറും.

രാജ്യത്തൊട്ടാകെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും ആരാധകർക്ക് സ്വാഗതമേകിയുള്ളഫ്ലക്‌സുകളും ചിത്രങ്ങളും കൊടിതോരണങ്ങളും നിറഞ്ഞു കഴിഞ്ഞു. കെട്ടിടങ്ങളുടെയും ഓഫിസുകളുടെയും പാർപ്പിട യൂണിറ്റുകളുടെയുമെല്ലാം പ്രവേശന കവാടങ്ങളിലും ലോകകപ്പിന്റെ ആവേശം മാത്രം.


ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങിയത് ദോഹ കോർണിഷും വെസ്റ്റ് ബേയുമാണ്. ലോകകപ്പ് സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള അടയാള ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞു.

കളിയാവേശത്തിൽ ആരാധകർ

ഫുട്‌ബോൾ ലോകം ഖത്തറിലേക്ക് ചുരുങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കവെ ഖത്തറിലെ മലയാളികൾ ഉൾപ്പെടെയുള്ള വിവിധ രാജ്യക്കാരായ ആരാധകർക്കും ഉണർവും ആവേശവും കൂടി. ഇഷ്ട ടീമുകളുടെ ആരാധകർ ഒരുമിച്ച് ചേർന്നുള്ള ഫാൻസ് അസോസിയേഷനുകളും വാട്‌സാപ്-ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും സജീവമാണ്.

ആരാധക സംഗമവും ഫുട്‌ബോൾ ടൂർണമെന്റും രക്തദാന ക്യാംപുകളും തുടങ്ങി വൈവിധ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ഫാൻസ് അസോസിയേഷനുകൾ തമ്മിലുള്ള മത്സരവും കനത്തു തുടങ്ങി. ഖത്തറിലെ ഫുട്‌ബോൾ ലോകത്തിന്റെ പ്രധാന സംഗമ കേന്ദ്രങ്ങളാണ് ദോഹ കോർണിഷും ഇവിടുത്തെ ഫ്ലാഗ് പ്ലാസയും കൗണ്ട് ഡൗൺ ക്ലോക്ക് പോയിന്റും. ഫാൻസ് കൂട്ടായ്മകളുടെ സംഗമങ്ങൾക്ക് മാത്രമല്ല വിവിധ പ്രവാസി അസോസിയേഷനുകളും ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഒത്തുകൂടുന്നത് ഇവിടെയാണ്.

ഫാൻസ് അസോസിയേഷനുകൾക്ക് പിന്തുണയുമായി അതാത് രാജ്യങ്ങളുടെ ഖത്തറിലെ എംബസി സ്ഥാനപതിമാരും ഫുട്‌ബോൾ അസോസിയേഷൻ അധികൃതരും സംഗമങ്ങളിൽ പങ്കെടുക്കുന്നു. ഇഷ്ട ടീമുകളുടെ ജഴ്‌സിയണിഞ്ഞ് ബാൻഡ് മേളവും റാലിയും മാർച്ച് പാസ്റ്റുമൊക്കെയായി ഫ്ലാഗ് പ്ലാസയിലേക്കൊഴുകിയെത്തുന്ന കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ആരാധകരുടെ വരവിലറിയാം ഖത്തർ ജനതയുടെ ലോകകപ്പ് ആവേശം. വെള്ളിയാഴ്ച വൈകിട്ട് ഖത്തറിന്റെ ദേശീയ ടീമിന് പിന്തുണ പ്രഖ്യാപിച്ച് ഏനാമാക്കൽ കെട്ടുങ്ങൽ വെൽഫയർ അസോസിയേഷൻ (ഇക് വ ഖത്തർ) നടത്തിയ സംഗമവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ടീം ജേഴ്‌സിയണിഞ്ഞ് ഖത്തറിന്റെ ദേശീയ പതാകയുമേന്തി ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ നിന്ന് പാർലമെന്റ് ഇന്റർ സെക്​ഷൻ വരെയും തിരിച്ചും ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റാലി ഖത്തർ ടീമിനുള്ള ഐക്യദാർഢ്യത്തിനപ്പുറം ഖത്തർ പ്രവാസികൾ ഏറെയുള്ള ഏനാമാക്കൽ കെട്ടുങ്ങൽ എന്ന ഗ്രാമം ഖത്തറിന് നൽകിയ ആദരം കൂടിയായിരുന്നു.

Post a Comment

Previous Post Next Post