മംഗളൂരു സ്‌ഫോടനം: ബോംബിനുള്ള ഫോസ്ഫറസ് തീപ്പെട്ടിയില്‍ നിന്ന്; ബാക്കി ഓണ്‍ലൈനില്‍ വാങ്ങി

(www.kl14onlinenews.com)
(23-NOV-2022)

മംഗളൂരു സ്‌ഫോടനം: ബോംബിനുള്ള ഫോസ്ഫറസ് തീപ്പെട്ടിയില്‍ നിന്ന്; ബാക്കി ഓണ്‍ലൈനില്‍ വാങ്ങി
മംഗ്ലൂർ :
മംഗളുരു നഗരത്തെ നടുക്കിയ സ്‌ഫോടനവുമായി ബന്ധപ്പെട്ട നിർണായക തെളിവുകള്‍ ശേഖരിച്ച് കര്‍ണാടക പൊലീസ്. സ്‌ഫോടനം നടത്തിയ പ്രതി മുഹമ്മദ് ഷാരിഖിന്റെ മൈസൂരുവിലുള്ള വീട്ടില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചത്. പ്രഷര്‍ കുക്കറുകള്‍, ജെലാറ്റിന്‍ സ്റ്റിക്ക്, റിലേ സര്‍ക്ക്യൂട്ട്, നിരവധി വയറുകള്‍ തുടങ്ങി അമ്പതിലധികം സാധനങ്ങള്‍ ഷാരിഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, ഫോസ്ഫറസ് എന്നിവയാണ് ബോംബ് നിര്‍മ്മിക്കാനായിവ ഉപയോഗിച്ച പ്രധാന വസ്തുക്കൾ എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണത്തില്‍ (ഐഇഡി) ഉപയോഗിച്ച ഫോസ്ഫറസ് തീപ്പെട്ടികളില്‍ നിന്നുമാണ് ശേഖരിച്ചിരിക്കുന്നത്. അതുകൂടാതെ പ്രാദേശിക കെമിക്കല്‍ ഷോപ്പുകളില്‍ നിന്നും സള്‍ഫര്‍ പോലുള്ള രാസവസ്തുക്കള്‍ വാങ്ങി ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ബോംബ് നിര്‍മ്മിക്കാനാവശ്യമായ മറ്റ് സാധനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് വാങ്ങിയിരിക്കുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം തീപ്പെട്ടിക്കൊള്ളികളില്‍ നിന്ന് ശേഖരിക്കുന്ന ഫോസ്ഫറസ് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ സെപ്റ്റംബറില്‍ ഷിമോഗയില്‍ ഉണ്ടായ ഒരു സ്‌ഫോടനത്തിലും ഫോസ്ഫറസ് ഉപയോഗിച്ചത് തീപ്പെട്ടിക്കൊള്ളികളില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാര്‍ പറയുന്നു.

Post a Comment

Previous Post Next Post