ഡോ.ഖമറുദ്ദീൻ പരിസ്ഥിതി പുരസ്‌കാരം ദയാബായിക്ക്

(www.kl14onlinenews.com)
(07-NOV-2022)

ഡോ.ഖമറുദ്ദീൻ പരിസ്ഥിതി പുരസ്‌കാരം ദയാബായിക്ക്
മൂന്നാമത് ഡോ. ഖമറുദ്ദീൻ പരിസ്ഥിതി പുരസ്‌കാരം പ്രമുഖപരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തക ദയാബായിക്ക്. അഖിലേന്ത്യ തലത്തിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും, കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയും പാരിസ്ഥിതിക മലിനീകരണത്തിന് എതിരെ ശബ്ദമുയർത്തി സമരം നയിച്ചും ഇന്ത്യയിലെ ആദിവാസികൾക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കുമിടയിൽ അവരുടെ ഉന്നമനത്തിന് വേണ്ടിനിതാന്ത സേവന പ്രവർത്തനങ്ങളിൽ മുഴുകിയും യുദ്ധഭൂമികളിലെത്തി പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും മനുഷ്യത്വം എന്ന വാക്കിന്റെ ആൾരൂപമായിമാറിയ ദയാബായിയോടുള്ള ആദരസൂചകമാണ് ഈ പുരസ്‌കാരമെന്ന് ജൂറിചെയർമാൻ ഡോ.ജോർജ് എഫ്.ഡിക്രൂസ് പറഞ്ഞു.

ഡോ.ഖമറുദ്ദീൻ എന്ന നിസ്വാർഥനായ പ്രകൃതി സ്‌നേഹിയുടെ പേരിലുള്ളപുരസ്‌കാരം ദയാബായിക്ക് നൽകുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്നുംദയാബായിയുടെ അസാധാരണ ജീവിതം സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ നേർച്ചിത്രമാണെന്നും ജൂറി അംഗവും പ്രശസ്തഎഴുത്തുകാരിയുമായ ഒ.വി. ഉഷ അഭിപ്രായപ്പെട്ടു. ആരുടെയും പ്രശംസക്കുവേണ്ടിയല്ല അവർ പ്രവർത്തിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒരു സംഘം പ്രകൃതി സ്‌നേഹികൾ നടത്തിയ പശ്ചിമഘട്ട സംവാദയാത്രയിൽ സജീവമായി പങ്കെടുത്തത് ദയാബായിയുടെ പ്രകൃതിസ്‌നേഹത്തിന്റെ അവിസ്മരണീയമായ മുദ്രയാണ്. ദയാബായിയുടെ സ്വാർഥതപുരളാത്ത പ്രതിബന്ധതയെ ആദരിക്കാൻ ഒരു അവസരം നമുക്ക്കൈവന്നിരിക്കുകയാണെന്നും അവർകൂട്ടിചേർത്തു.

ഡോ.മധുസൂദനൽ വയലാ, ഡോ.സുഹ്‌റ ബീവി എന്നിവർ അടങ്ങിയ നാലംഗ ജൂറിയാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിരവധി നാമനിർദ്ദേശങ്ങളിൽനിന്ന് ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹയായി ദായബായിയെ തെരഞ്ഞെടുത്തത്. ലോക ശ്രദ്ധ നേടിയ പ്രവർത്തനങ്ങളാണ് ദയാബായിയുടേത്. അന്തരിച്ച പ്രമുഖ പരിസ്ഥിതിസമര നായകനും കേരള യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം റീഡറുമായിരുന്നഡോ. ഖമറുദ്ദീന്റെ ഓർമക്ക് ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവഴ്‌സിറ്റി കൺസർവേഷൻ ( കെ.എഫ്.ബി.സി) 2020 മുതൽ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. ആദ്യ വർഷം കേരളത്തിന്റെ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കഴിഞ്ഞവർഷം വാഴച്ചാൽ- ആതിരപ്പിള്ളി വനസംരക്ഷണ സമര നായിക വി.എൻ.ഗീതക്കു മായിരുന്നു പുരസ്‌കാരം. ഈ വർഷത്തെ പുരസ്‌കാരത്തിനാണ് ദയാബായിയെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുംഅടങ്ങുന്നതാണ്പുരസ്‌കാരം

കോട്ടയം ജില്ലയിൽ പാലായിലെ പൂവരണിയിൽ ജനിച്ച മേഴ്‌സി മാത്യു പതിനാറാംവയസ്സിൽ സാമൂഹിക സേവനമെന്ന ലക്ഷ്യവുമായി വടക്കേ ഇന്ത്യയിലെ ഒരു മഠത്തിൽ പോയി ചേർന്ന ശേഷമാണ് ദയാബായി ആയി മാറുന്നത്. നിയമബിരുദമെടുത്ത ശേഷം മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇൻസ്റ്റിറ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് എം.എസ്.ഡബ്ല്യൂവും പഠിച്ചിറങ്ങിയ ശേഷം ആദിവാസികൾക്കിടയിലാണ് പ്രവർത്തിച്ചു തുടങ്ങിയത്. യൂറോപ്പിലും അമേരിക്കയിലുമുള്ള നിരവധി പ്രശസ്ത യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ് പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. ബിഹാർ, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആദിവാസികൾക്കും അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കുമിടയിൽ ദീർഘവർഷങ്ങൾ സേവനം ചെയ്ത അവർ ബംഗ്ലാദേശിലെ യുദ്ധഭൂമിയിലുമെത്തി. പരിക്കേറ്റ മനുഷ്യരെ ശുശ്രൂഷിച്ചും ചിതറിക്കിടന്ന ശവശരീരങ്ങൾ തോളിലേറ്റി മറവു ചെയ്തും മനുഷ്യത്വത്തിനായി ഉഴിഞ്ഞു വച്ചതാണ് അവരുടെ ജീവിതം.

40 വർഷമായി മധ്യപ്രദേശിലെ ചിന്ത്വാഡ ജില്ലയിലെ തിൻസായിലും ബറൂൾ എന്ന ആദിവാസി ഗ്രാമത്തിലുമാണ് അവർ ജീവിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാസർക്കോട്ടെ എൻഡോസൾഫാൻ ഇരകളുടെ നീതി അവകാശങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കൽ അവർ നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. ഇത്തരമൊരു മഹത് വൃക്തിക്ക് മുന്നാമത് ഡോ.ഖമറുദ്ദിൻ പരിസ്ഥിതി പുരസ്‌ക്കാരം സമ്മാനിക്കാൻ കഴിയുന്നതിൽ ചാരിതാർഥ്യ മുണ്ടെന്നും പുരസ്‌കാരം നവംബർ 17 വാഴാഴ്ച രാവിലെ 10.30 ന് പെരിങ്ങമ്മല ഇക്ബാൽ കോളെജിൽ വച്ച് ലോക പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ.എസ്.ഫെയ്‌സി പുരസ്‌കാരം സമർപ്പിക്കുമെന്നും ഡോ. ബി,ബാലചന്ദ്രനും സാലി പാലോടും അറിയിച്ചു.

Post a Comment

Previous Post Next Post