ഖത്തർ ലോകകപ്പ്; ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കൊ

(www.kl14onlinenews.com)
(23-NOV-2022)

ഖത്തർ ലോകകപ്പ്;
ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കൊ
ദോഹ: കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന പകിട്ടുമായി എത്തിയ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് മൊറോക്കൊ. അൽബെയ്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫിലെ മത്സരത്തിൽ 65 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ലൂക്ക മോഡ്രിച്ചിനും സംഘത്തിനും ആഫ്രിക്കക്കാരുടെ വല കുലുക്കാനായില്ല. വമ്പന്‍ താരനിരയുമായെത്തിയ ക്രൊയേഷ്യയെ മൊറോക്കോ പിടിച്ചുകെട്ടുകയായിരുന്നു.
ഗോൾ നേടാൻ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിൽനിന്നകന്നു. തുടക്കം മുതൽ ആക്രമിച്ചായിരുന്നു ഇരുടീമുകളും കളിച്ചത്. 17ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ചിന്റെ ലോങ്റേഞ്ചർ നേരിയ വ്യത്യാസത്തിനാണ് പുറത്തുപോയത്. തൊട്ടടുത്ത മിനിറ്റിൽ മൊറോക്കോക്കും സുവർണാവസരം ലഭിച്ചു. ഹാകിം സിയെച്ചിന്റെ തകർപ്പൻ ക്രോസിന് യൂസഫ് എൻ നെസിരിക്ക് തലവെക്കാനായില്ല.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് നിക്കോള വ്ലാസിച്ചിലൂടെ ക്രൊയേഷ്യ ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ യാസിൻ ബോനുവിന്റെ തകർപ്പൻ സേവ് മൊറോക്കോക്ക് രക്ഷയായി. തൊട്ടുപിന്നാലെ ബോക്സിന് പുറത്തുനിന്ന് ലൂക്കാ മോഡ്രിച്ച് തൊടുത്ത ലോങ് റേഞ്ചറും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി.

രണ്ടാം പകുതിയിൽ മൊറോക്കോക്ക് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 51ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിനു സമീപം ഓടിയെത്തിയ നാസിർ മസ്റോയിയുടെ ഹെഡർ ഗോൾകീപ്പർ ലിവകോവിച്ച് തടുത്തിട്ടു. പിന്നീട് അഷ്റഫ് ഹാകിമിയുടെ തകർപ്പൻ ലോങ് റേഞ്ചറും ലിവകോവിച്ച് തട്ടിയകറ്റി.

എട്ട് ഷോട്ടുകളാണ് മൊറോക്കോ പായിച്ചതെങ്കിൽ ക്രൊയേഷ്യയുടേത് അഞ്ചിലൊതുങ്ങി. എന്നാൽ, ഇരു ടീമിന്റെയും രണ്ട് ഷോട്ടുകൾ വീതമാണ് ഗോൾവലക്ക് നേരെ ചെന്നത്.

Post a Comment

Previous Post Next Post