ഖത്തർ ലോകകപ്പിൽഇന്ന് നാല് മത്സരങ്ങള്‍; ജര്‍മനിയും സ്പെയിനുമടങ്ങിയ മരണഗ്രൂപ്പ് ഇന്ന് ഉണരും

(www.kl14onlinenews.com)
(23-NOV-2022)

ഖത്തർ ലോകകപ്പിൽഇന്ന്
നാല് മത്സരങ്ങള്‍; ജര്‍മനിയും സ്പെയിനുമടങ്ങിയ മരണഗ്രൂപ്പ് ഇന്ന് ഉണരും
ദോഹ:
ഖത്തർ ലോകകപ്പിൽ ഇന്ന് യൂറോപ്യൻ കരുത്തർ കളത്തിലിറങ്ങും. മുൻ ചാമ്പ്യന്മാരായ സ്‌പെയിൻ, ജർമ്മനി എന്നിവർക്കൊപ്പം കരുത്തരായ ബെൽജിയം, ക്രോയേഷ്യ ടീമുകൾക്കും ഇന്ന് മത്സരമുണ്ട്.

നാലാം ദിനം ഫുട്ബോള്‍ പ്രേമികളെ കാത്തിരിക്കുന്നത് കരുത്തന്മാരുടെ പോരാട്ടങ്ങള്‍. ഇ, എഫ് ഗ്രൂപ്പുകളിലെ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. മുന്‍ ലോകചാമ്പ്യന്മാരായ സ്പെയിന്‍, ജര്‍മനി, 2018-ലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ, സെമി ഫൈനലിസ്റ്റുകളായ ബല്‍ജിയം എന്നീ ടീമുകള്‍ കളത്തിലിറങ്ങും. ‍‍‍

കഴിഞ്ഞ ദിവസം അർജന്റീനയ്ക്കുണ്ടായ തോൽവിയുടെ പശ്ചാത്തലത്തിൽ ചെറുടീമുകളെ വിലകുറച്ച് കാണാൻ കഴിയില്ലെന്ന പാഠമാണ് ഈ ലോകകപ്പ് നൽകുന്നത്. അതിനാൽ ആരാധകരുടെ പ്രതീക്ഷ കാക്കുന്ന പ്രകടനം തന്നെ ഇന്ന് ടീമുകളിൽ നിന്നുണ്ടാവുമെന്ന പ്രതീക്ഷിക്കാം.

ക്രൊയേഷ്യ vs മൊറോക്കോ

ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടത്തിനാണ് ഇന്ന് അരങ്ങുണരുന്നത്. കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയ്ക്ക് എതിരാളി ആഫ്രിക്കൻ ടീമായ മൊറോക്കോയാണ്. ലൂക്ക മോഡ്രിച്ചിന്റെ നേതൃത്വത്തിൽ എത്തുന്ന ക്രൊയേഷ്യക്ക് ഇവാന്‍ പെരിസിച്ച്, ഡൊമാന്‍ജൊ വിദ, ഡിയാന്‍ ലോവ്‌റെന്‍ തുടങ്ങിയ മികവുറ്റ താരങ്ങളുടെ നിര തന്നെയുണ്ട്.

മറുഭാഗത്ത് മൊറോക്കോയാവട്ടെ ചെൽസി താരം ഹക്കിം സിയച്ചിന്റെ പ്രകടനത്തിൽ വിശ്വാസമർപ്പിച്ചു കൊണ്ടാണ് തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് വേദിയിലേക്ക് എത്തുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30നാണ് മത്സരം.

ജർമ്മനി vs ജപ്പാൻ

ഗ്രൂപ്പ് ഇയിൽ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ജർമ്മനിക്ക് ഏഷ്യൻ കരുത്തരായ ജപ്പാനാണ് എതിരാളി. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതിന്റെ ക്ഷീണം തീർക്കാനാണ് ഇക്കുറി ജർമ്മനി എത്തുന്നത്. 2014ൽ കിരീടം ചൂടിയ ടീമിന് ആക്രമണ ഫുട്‍ബോൾ തന്നെയാണ് പ്രിയം.

മാനുവല്‍ ന്യൂയര്‍, കയ് ഹവേര്‍ട്ട്‌സ്, ലെറോയ് സനെ, ഐകി ഗുന്‍ഡോഗന്‍, തോമസ് മുള്ളര്‍, യോഷ്വ കിമ്മിച്ച് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ടീമിന്റെ പരിശീലകൻ ഹാൻസി ഫ്ലിക്കാണ്. അതേസമയം, 2002, 2010, 2018 ലോകകപ്പുകളില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നതാണ് ജപ്പാന്റെ മികച്ച പ്രകടനം. ഇത് മറികടക്കാനാണ് അവർ ഇറങ്ങുന്നത്. ഇന്ത്യൻ സമയം വൈകീട്ട് 6.30നാണ് മത്സരം.

സ്പെയിൻ vs കോസ്‌റ്റാറിക്ക

ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ സ്‌പെയിൻ കോസ്‌റ്റാറിക്കയെ നേരിടും. അന്‍സു ഫാത്തി, പെദ്രി, ഗാവി, ഫെറാന്‍ ടോറസ്, എറിക് ഗാര്‍സ്യ തുടങ്ങിയവരാണ് സ്‌പെയ്‌നിന്റെ കരുത്ത്. സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സ് നയിക്കുന്ന ടീമിൽ കർജവലിനെ പോലെയുള്ള മുതിർന്ന താരങ്ങളുമുണ്ട്.

എൻ റികെയാണ് അവരുടെ പരിശീലകൻ. ഇക്കുറി കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്ന് കൂടിയാണ് സ്പെയിൻ. അതേസമയം, വടക്കേ അമേരിക്കൻ സാന്നിധ്യമായ കോസ്‌റ്റാറിക്ക ഗോളി കെയ്‌ലര്‍ നവാസ്, ക്യാപ്റ്റന്‍ ബ്രയാന്‍ റൂയിസ് തുടങ്ങിയ പ്രതിഭകളുമായാണ് എത്തുന്നത്. ഇന്ത്യൻ സമയം രാത്രി 9.30ക്കാണ് മത്സരം.

ബെൽജിയം vs കാനഡ

ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തിൽ യൂറോപ്യൻ വമ്പന്മാരായ ബെൽജിയം ഇന്നിറങ്ങുമ്പോൾ എതിരാളിയായി എത്തുന്നത് കാനഡയാണ്. കഴിഞ്ഞ ലോകകപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയ ബെൽജിയം ഈഡൻ ഹസാർഡിന്റെ നേതൃത്വത്തിലാണ് എത്തുന്നത്. കുർട്ടോയിസ്, കെവിൻ ഡി ബ്രൂയിൻ, റൊമേലു ലുക്കാക്കു തുടങ്ങിയ വലിയൊരു കൂട്ടം മികവുറ്റ താരങ്ങൾ കളത്തിൽ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ബെൽജിയം ആഗ്രഹിക്കുന്നില്ല.

മറുവശത്ത് കാനഡയാവട്ടെ തങ്ങളുടെ രണ്ടാമത്തെ മാത്രം ലോകകപ്പിനാണ് എത്തുന്നത്. 1986ലാണ് ആദ്യമായി കാനഡ ലോകകപ്പ് യോഗ്യത നേടിയത്. പിന്നീട് 36 വർഷങ്ങൾക്ക് ശേഷമാണ് അവർ ഒരു ലോകകപ്പ് വേദിയിൽ പന്ത് തട്ടാൻ ഒരുങ്ങുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് മത്സരം

Post a Comment

Previous Post Next Post