മംഗളൂരു സ്ഫോടനം പ്രഷർ കുക്കറിൽ സ്ഫോടക വസ്തു നിറച്ച്, യാത്രക്കാരൻ പ്രതിയെന്ന് സംശയം

(www.kl14onlinenews.com)
(20-NOV-2022)

മംഗളൂരു സ്ഫോടനം പ്രഷർ കുക്കറിൽ സ്ഫോടക വസ്തു നിറച്ച്, യാത്രക്കാരൻ പ്രതിയെന്ന് സംശയം
മംഗളൂരു: കർണാടകയിൽ കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്ന സംഭവത്തിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച പ്രഷർ കുക്കറും ഗ്യാസ് ബർണറിന്‍റെ ഭാഗങ്ങളും കണ്ടെത്തി. സ്ഫോടനം നടന്ന ഓട്ടോയിൽ നിന്നാണ് അവശിഷ്ടങ്ങൾ ക​ണ്ടെത്തിയത്.

കൂടാതെ, കുക്കറിൽ കത്തിയ ബാറ്ററികളുടെ ഒരു സെറ്റ് ഘടിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ടൈമറായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ ഉദ്ദേശിച്ചു മാത്രമാണ് സ്ഫോടനം നടന്നതെന്നും സ്ഫോടനത്തിന് തീവ്രത കുറവായിരുന്നെന്നും പൊലീസ് പറയുന്നു. ഓട്ടോയിൽ സഞ്ചരിച്ച യാത്രക്കാരനാണ് സ്ഫോടനം നടത്തിയതെന്നാണ് സംശയം.

യാത്രക്കാരന്‍റേത് വ്യാജ ആധാർ കാർഡാണ്. പ്രേംരാജ് ഹുതാഗി എന്നാണ് ആധാർ കാർഡിലുള്ള പേര്. എന്നാൽ, ഹുബാള്ളിയിൽ നിന്നുള്ള റെയിൽവേ ജീവനക്കാരനാണ് ഈ പേരിലുള്ളയാൾ. ഇയാളുടെ ആധാർ കാർഡ് കാണാതായതിനെ തുടർന്ന് പുതിയതിന് അപേക്ഷിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

40 ശതമാനം പൊള്ളലേറ്റ ഓട്ടോ യാത്രക്കാരൻ ചികിത്സയിലാണ്. അയാൾ മറ്റെവിടെയോ ആണ് സ്ഫോടനം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പരിക്കുള്ളതിനാൽ സംസാരിക്കാനാകുന്നില്ല. ചികിത്സ നൽകുന്നുണ്ട്. പരിക്ക് ഭേദമായ ശേഷം ചോദ്യം ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Post a Comment

Previous Post Next Post