നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്തു; വീണ്ടും വിവാദ പരാമര്‍ശവുമായി സുധാകരന്‍

(www.kl14onlinenews.com)
(14-NOV-2022)

നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്തു; വീണ്ടും വിവാദ പരാമര്‍ശവുമായി സുധാകരന്‍
കണ്ണൂര്‍: ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹാര്‍ ലാല്‍ നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ തയ്യാറായെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അന്ന് ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കാന്‍ നെഹ്രു മനസുകാണിച്ചെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജവഹര്‍ലാല്‍ നെഹ്‌റു ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിയാക്കി, എകെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി. ഇതെല്ലാം നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യ മൂല്യബോധമാണ് കാണിക്കുന്നത്. മറ്റൊരു നേതാക്കളും ഇതൊന്നും ചെയ്യില്ല. വിമര്‍ശനങ്ങള്‍ക്ക് നെഹ്‌റു വലിയ സ്ഥാനമാണ് നല്‍കിയതെന്നും കെ സുധാകരന്‍ പറഞ്ഞു. ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടിരുന്നുവെന്ന സുധാകരന്റെ പ്രസ്താവനക്കെതിരെ മുസ്ലീംലീഗ് ഉള്‍പ്പടെ രംഗത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും സുധാകരന്റെ വിവാദ പരാമര്‍ശം.

അതേസമയം, കെ സുധാകരന്റെ നെഹ്രുപരാമര്‍ശം ചരിത്രം അറിയാതെയാണെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീര്‍ പറഞ്ഞു. നെഹ്രു വലിയ മതേതരവാദിയാണ്. മതേതരത്വം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ സ്‌കൂള്‍ തുടങ്ങണമെന്നും മുനീര്‍ പറഞ്ഞു.

Post a Comment

Previous Post Next Post