ഖത്തർ ലോകകപ്പ്; സ്പെയിന്‍ പിടിക്കാന്‍ ജര്‍മന്‍ പട, ജയം അനിവാര്യം; ഇന്നത്തെ മത്സരങ്ങള്‍

(www.kl14onlinenews.com)
(27-NOV-2022)

ഖത്തർ ലോകകപ്പ്;
സ്പെയിന്‍ പിടിക്കാന്‍ ജര്‍മന്‍ പട, ജയം അനിവാര്യം; ഇന്നത്തെ മത്സരങ്ങള്‍
ദോഹ: ഖത്തർ ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ ഇന്ന് നിര്‍ണായക മത്സരങ്ങള്‍. ജീവന്‍ മരണ പോരാട്ടത്തിന്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി ഇറങ്ങും. കരുത്തരായ സ്പെയിനാണ് എതിരാളികള്‍. ബല്‍‍ജിയം, ക്രൊയേഷ്യ തുടങ്ങിയ വമ്പന്മാരും ഇന്ന് കളത്തിലുണ്ട്. ഇന്നത്തെ മത്സര വിശദാംശങ്ങള്‍ പരിശോധിക്കാം.

ജപ്പാന്‍ – കോസ്റ്റാറിക്ക (ഗ്രൂപ്പ് ഇ)


ജര്‍മനിക്കെതിരെ കളിച്ചു നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും ജപ്പാന്‍ ഇറങ്ങുക. ആദ്യ ജയത്തോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതകളും സജീവമാക്കാന്‍ സമുറായികള്‍ക്കായിട്ടുണ്ട്. ജര്‍മന്‍ പടയോട് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു വിജയം പിടിച്ചെടുത്തത്. കോസ്റ്റാറിക്കയെ കീഴടക്കാനായാല്‍ അവസാന 16-ലേക്ക് കടക്കാനുമാകും. മറുവശത്ത് സ്പെയിനോട് ഏഴ് ഗോള്‍ വഴങ്ങിയാണ് കോസ്റ്റാറിക്ക എത്തുന്നത്. വലിയ മാര്‍ജിനിലുള്ള വിജയം കൊണ്ട് മാത്രമെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കാനാകു. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്കാണ് മത്സരം.

ബല്‍ജിയം – മൊറോക്കൊ (ഗ്രൂപ്പ് എഫ്)

കാനഡയോട് ഒരു ഗോളിന് ജയച്ചതോടെ ഗ്രൂപ്പ് എഫിന്റെ തലപ്പത്താണ് ബല്‍ജിയം. റൊമേലു ലൂക്കാക്കു ആദ്യ ഇലവനില്‍ ഇടം പിടിക്കുമോ എന്നാണ് ചോദ്യം. താരം പരിക്കില്‍ നിന്ന് മുക്തമാകുന്നുണ്ടെങ്കിലും മൊറോക്കൊയ്ക്കെതിരെ കളത്തിലെത്താനുള്ള സാധ്യത വിരളമാണ്. കെവിന്‍ ഡിബ്രൂയിന്‍ എന്ന മാന്ത്രികന്റെ ചിറകിലേറി ക്വാര്‍ട്ടറിലേക്ക് കുതിക്കാനായിരിക്കും ബല്‍ജിയമെത്തുക. മറുവശത്ത് പോയ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസം മൊറോക്കോയ്ക്കുമുണ്ടാകും. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്ക് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.

ക്രൊയേഷ്യ – കാനഡ (ഗ്രൂപ്പ് എഫ്)

ലോകകപ്പിലെ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. 2018 ലോകകപ്പില്‍ സൃഷ്ടിച്ച അത്ഭുതങ്ങള്‍ ക്രൊയേഷ്യക്ക് ഇത്തവണ ആവര്‍ത്തിക്കാനാകുമോ എന്ന് ഇന്നറിയാം. കാനഡയ്ക്കെതിരെ വിജയം നേടാനായില്ലെങ്കില്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസില്‍ എടുത്ത് വയ്ക്കേണ്ടി വരും ലൂക്ക മോഡ്രിച്ചിനും സംഘത്തിനും. ബല്‍ജിയത്തിനോട് പരാജയപ്പെട്ടെങ്കിലും ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്റില്‍ തുടരാനുള്ളതെല്ലാം കാനഡയ്ക്ക് മത്സരത്തില്‍ നിന്ന് ലഭിച്ചിരുന്നു. മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്താന്‍ പരാജയപ്പെടുന്ന മുന്‍നിരയിലാണ് അഴിച്ചുപണി ആവശ്യം. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതരയ്ക്ക് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

ജര്‍മനി – സ്പെയിന്‍ (ഗ്രൂപ്പ് ഇ)

കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെയാണ് ജര്‍മനി ഖത്തറിലെത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ ചൂടോടെ ഒരു അട്ടിമറി നല്‍കി ജപ്പാന്‍ ആ ആഘാതത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. സ്പെയിനോട് മുട്ടാനിറങ്ങുന്ന ജര്‍മനിക്ക് വിജയമില്ലെങ്കില്‍ തലതാഴ്ത്തി മടങ്ങേണ്ടി വരും. മറുവശത്ത് ടിക്കി ടാക്കയില്‍ ഗോള്‍ മഴ പെയ്യിക്കാമെന്ന് തെളിയിച്ച സ്പെയിന്‍ കരുത്ത് നേടിയിട്ടുണ്ട്. കോസ്റ്റാറിക്കയ്ക്കെതിരെ എണ്‍പത് ശതമാനത്തിലടക്കം പന്തടക്കത്തോടെയാണ് സ്പെയിന്‍ ഏഴ് ഗോള്‍ അടിച്ചു കൂട്ടിയത്. ജര്‍മനിക്ക് മുകളില്‍ നേരിയ മുന്‍തൂക്കം സ്പെയിനുണ്ടാകും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-നാണ് കളി.

Post a Comment

Previous Post Next Post