പെരിയ കേസ് പ്രതിക്ക് കോടതി അറിയാതെ ചികിത്സ; കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് സിബിഐ കോടതിയിൽ ഹാജരായി

(www.kl14onlinenews.com)
(22-NOV-2022)

പെരിയ കേസ് പ്രതിക്ക് കോടതി അറിയാതെ ചികിത്സ; കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് സിബിഐ കോടതിയിൽ ഹാജരായി
കൊച്ചി : പെരിയ കേസ് പ്രതിക്ക് കോടതി അറിയാതെ ജയിലിൽ ചികിത്സ നൽകിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് സിബിഐ കോടതിയിൽ ഹാജരായി. ജയിൽ സൂപ്രണ്ട് ആർ സാജൻ മറ്റൊരു കേസിൽ സസ്പെൻഷൻ നേരിടുന്ന സാഹചര്യത്തിലാണ് ജോയിൻ്റ് സൂപ്രണ്ട് നസീം ഹാജരായത്. പെരിയ കേസിലെ ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരനെയാണ് സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ സെൻട്രൽ ജയിൽ മെഡിക്കൽ ബോർഡ് 40 ദിവസത്തെ ആയുർവേദ ചികിത്സക്ക് നിർദ്ദേശിച്ചത്. നിലവിൽ കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലാണ് എ പീതാംബരൻ.

ഇക്കഴിഞ്ഞ ഓക്ടോബര്‍ 14 നാണ് പീതാംബരന് അസുഖമായതിനെ തുടര്‍ന്ന് ജയില്‍ ഡോക്ടറായ അമര്‍നാഥിനോട് പരിശോധിക്കാന്‍ ജയിൽ സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയത്. പരിശോധിച്ച ശേഷം വിദഗ്ധ ചികിത്സ വേണമെന്ന് ജയില്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ശേഷം 19 -ാം തിയതിയാണ് പീതാംബരന് കിടത്തി ചികിത്സ വേണമെന്ന റിപ്പോര്‍ട്ട് വന്നത്

തുടര്‍ന്ന് 24-ാം തിയതി സിബിഐ കോടതിയുടെ അനുമതി ഇല്ലാതെ ജയിൽ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. ഈ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശമാണ് 40 ദിവസം ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കണം എന്നത്. പീതാംബരന് നടുവേദനയും മറ്റ് ചില അസുഖങ്ങളും ഉള്ളത് കൊണ്ടാണ് കിടത്തി ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

2019 ഫെബ്രുവരി 17നാണ് പെരിയയിൽ യുവാക്കളെ കൊലപ്പെടുത്തുന്നത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. കൊലപാതകം, തെളിവു നശിപ്പിക്കൽ സംഘം ചേരൽ, ഗൂഡാലോചന തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍.

Post a Comment

Previous Post Next Post