ഖത്തർ ലോകകപ്പ്: ജയം തുടരാൻ സൗദി ഇന്ന് പോളണ്ടിനെ നേരിടും

(www.kl14onlinenews.com)
(26-NOV-2022)

ഖത്തർ ലോകകപ്പ്:
ജയം തുടരാൻ സൗദി ഇന്ന് പോളണ്ടിനെ നേരിടും
ദോഹ:ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സൗദി ഇന്ന് (ശനി) പോളണ്ടിനെ നേരിടും. ദോഹയിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സീലൈൻ റിസോർട്ട് സ്റ്റേഡിയത്തിൽ കോച്ച് ഹെർവ് റെനാർഡിന്റെ കീഴിൽ ടീം പരിശീലനം നടത്തിയിരുന്നു. പേശികൾക്ക് പരുക്കേറ്റ ഷറാഹിലി പ്രത്യേക പരിശീലനം നടത്തി.
അർജന്റീനയ്‌ക്കെതിരായ സൗദി അറേബ്യയുടെ തകർപ്പൻ വിജയത്തെത്തുടർന്ന് രാജ്യത്തിനകത്തും അറബ് ലോകമെമ്പാടും അലയടിക്കുന്ന ആഹ്ലാദങ്ങൾക്കിടയിലാണ് സൗദി അറേബ്യ ശനിയാഴ്ച പോളണ്ടിനെ നേരിടുന്നത്.
ഗ്രൂപ്പ് സിയിലെ നിർണായക പോരാട്ടത്തിൽ പോളണ്ട് കറുത്ത കുതിരകളായ സൗദി അറേബ്യയെയാണ് നേരിടുക. ചരിത്രം തിരുത്തിയെഴുതിയ മത്സരത്തിൽ അർജന്റീനയെ തകർത്ത സൗദിയ്ക്ക് ഇന്ന് പോളണ്ടിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ പ്രീക്വാർട്ടർ ഉറപ്പിക്കാം. ലവൻഡോവ്‌സ്‌കിയുടെ നേതൃത്വത്തിൽ എത്തുന്ന പോളണ്ടിന് ഇന്ന് ജയം കൂടിയേ തീരൂ. ആദ്യ കളിയിൽ മെക്‌സിക്കോ സമനിലയിൽ പിടിച്ചതോടെയാണിത്. ഇന്ത്യൻ സമയം വൈകീട്ട് 6.30നാണ് മത്സരം.

മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീക്വാർട്ടർ തേടിയാണ് ഇന്ന് ഇറങ്ങുന്നത്. ഡെൻമാർക്കാണ് മറുവശത്ത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാർ എത്തുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ ടുണീഷ്യയോട് സമനില വഴങ്ങിയ ഡെന്മാർക്ക് ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഫ്രാൻസ്. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം.

Post a Comment

Previous Post Next Post