ഖത്തർ ലോകകപ്പ്; പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട്, നിലനില്‍പ്പിനായി ഖത്തര്‍; ഇന്നത്തെ മത്സരങ്ങള്‍

(www.kl14onlinenews.com)
(25-NOV-2022)

ഖത്തർ ലോകകപ്പ്;
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇംഗ്ലണ്ട്, നിലനില്‍പ്പിനായി ഖത്തര്‍; ഇന്നത്തെ മത്സരങ്ങള്‍
ദോഹ:
ലോകകപ്പ് ഫുട്ബോളില്‍ ഇന്ന് ഗ്രൂപ്പ് എ, ബി എന്നിവയിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ നടക്കും. പ്രി ക്വാര്‍ട്ടര്‍ ഉറപ്പിക്കാനായി കരുത്തരായ ഇംഗ്ലണ്ടിറങ്ങും. യുഎസ്എയാണ് എതിരാളികള്‍. മറുവശത്ത് നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് ആതിഥേയരായ ഖത്തറും ബൂട്ടുകെട്ടും. ഇന്നത്തെ മത്സരങ്ങള്‍ പരിശോധിക്കാം.

വെയില്‍സ് – ഇറാന്‍ (ഗ്രൂപ്പ് ബി)

യുഎസ്എയോട് പരാജയത്തിന്റെ വക്കില്‍ നിന്ന് സമനില പിടിച്ചതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഗാരത് ബെയിലിന്റെ വെയില്‍സ് എത്തുക. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടിന് പിന്നിലായുള്ള വെയില്‍സിന് ഇറാനെതിരെ വിജയിക്കാനായാല്‍ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്താനാകും. യുഎസ്എയോട് നടത്തിയ മങ്ങിയ പ്രകടനം വെയില്‍സിനെ വേട്ടയാടുന്നുണ്ടാകും.

മറുവശത്ത് ഇംഗ്ലണ്ട് ആറടിച്ച് നിലംപരിശാക്കിയ ഇറാന് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാന്‍ വമ്പന്‍ ജയം തന്നെ അനിവാര്യമാണ്. മെഹദി തരേമിയുടെ പ്രകടനമായിരിക്കും ഇറാന്റെ വിധി നിര്‍ണയിക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

ഖത്തര്‍ – സെനഗള്‍ (ഗ്രൂപ്പ് എ)

ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യമായിരിക്കും ആതിഥേയരായ ഖത്തറിന്. ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഖത്തര്‍ പരാജയപ്പെട്ടത്. നെതര്‍ലന്‍ഡ്സിനോട് സമാന സ്കോറിനായിരുന്നു സെനഗള്‍ തോല്‍വി വഴങ്ങിയത്. സാദിയോ മാനെയുടെ പരിക്ക് സെനഗളിന് ലോകകപ്പിന്റെ തുടക്കത്തില്‍ തിരിച്ചടി നല്‍കിയിരുന്നു. ലോകകപ്പ് സ്വപ്നങ്ങള്‍ നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാണ് മത്സരം.

നെതര്‍ലന്‍ഡ്സ് – ഇക്വഡോര്‍ (ഗ്രൂപ്പ് എ)


തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനായിരിക്കും ശക്തരായ നെതര്‍ലന്‍ഡ്സ് ഇക്വഡോറിനെ നേരിടുക. സെനഗളിനെതിരെ 84-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു നെതര്‍ലന്‍ഡ്സിന് ആദ്യ ഗോള്‍ കണ്ടെത്താന്‍. അധിക സമയത്ത് രണ്ടാം ഗോള്‍ നേടിയായിരുന്നു ജയം ഉറപ്പിച്ചത്. ഇക്വഡോറിന് സംബന്ധിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇനി മുന്നിലുള്ളത് അഗ്നിപരീക്ഷ തന്നെയാണ്. ഇന്ന് നെതര്‍ലന്‍ഡ്സാണെങ്കില്‍ അടുത്തത് സെനഗളാണ്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഒന്‍പതരയ്ക്കാണ് മത്സരം.

ഇംഗ്ലണ്ട് – യുഎസ്എ (ഗ്രൂപ്പ് ബി)

ഇറാനെതിരെ ആറാടിയ മുന്നേറ്റനിര തന്നെയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. സൂപ്പര്‍ താരം ഹാരി കെയിന്‍ ലക്ഷ്യം കണ്ടില്ലെങ്കിലും ഗോളിന് വഴിയൊരുക്കി മികവ് കാണിച്ചിട്ടുണ്ട്. ഗാരത്ത് സൗത്ത്ഗെയിറ്റിന് കീഴിലുള്ള ടീം അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെയാണ് ഇറാനെതിരെ ഗോള്‍ വിരുന്നൊരുക്കിയത്. ആത്മവിശ്വാസത്തിന്റെ ഉന്നതിയിലെത്തുന്ന ഇംഗ്ലണ്ടിനെ തടയാന്‍ അമേരിക്ക കളത്തില്‍ സൗദി അറേബ്യന്‍ മോഡല്‍ കളിമെനയേണ്ടി വരും. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30 നാണ് മത്സരം

Post a Comment

أحدث أقدم