മെന്റൽ കണ്ടീഷനിംഗ് കോച്ച് രാഹുലുമായി സംസാരിക്കണമെന്ന് ഗവാസ്‌കർ

(www.kl14onlinenews.com)
(01-NOV-2022)

മെന്റൽ കണ്ടീഷനിംഗ് കോച്ച് രാഹുലുമായി സംസാരിക്കണമെന്ന് ഗവാസ്‌കർ
ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇന്ത്യയുടെ മെന്റൽ കണ്ടീഷനിംഗ് കോച്ച് പാഡി ആപ്റ്റൺ കെഎൽ രാഹുലുമായി സംസാരിക്കണമെന്ന് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കർ. ഫോം കണ്ടെത്താനായി രാഹുൽ കഴിഞ്ഞ കുറച്ചു നാളുകളായി ബുദ്ധിമുട്ടുകയാണ്. ഓസ്‌ട്രേലിയയിൽ നടന്നു കൊണ്ടിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുന്ന രാഹുൽ ഇരട്ട അക്കങ്ങൾ പോലും നേടാൻ പാടുപെടുന്ന സാഹചര്യത്തിലാണ് ഗാവസ്‌കറിന്റെ പ്രതികരണം.

സ്‌പോർട്‌സ് ടാക്കുമായി സംസാരിച്ച ഗവാസ്‌കർ, ഫോമിലേക്ക് തിരികെയെത്താൻ രാഹുലുമായി മെന്റൽ കണ്ടീഷനിംഗ് കോച്ച് പാഡി അപ്‌ടൺ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. രാഹുലിന് കഴിവുണ്ടെന്നും വലിയ ഇന്നിംഗ്‌സുകൾ കളിക്കാമെന്നും ഗാവസ്‌കർ വ്യക്തമാക്കി. ബാറ്റിംഗ് കോച്ചിന് തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ മാത്രമേ കഴിയൂ. എന്നാൽ മെന്റൽ കണ്ടീഷനിംഗ് കോച്ചിന് താരത്തിന്റെ ആത്മവിശ്വാസം ഉയർത്താൻ കഴിയുമെന്നും ഗാവസ്‌കർ ചൂണ്ടിക്കാട്ടി.

ടി20 ലോകകപ്പിൽ ഇന്ത്യക്കായി ആദ്യ മൂന്ന് സൂപ്പർ 12 മത്സരങ്ങളിൽ നിന്ന് കേവലം 22 റൺസ് മാത്രം നേടിയ രാഹുൽ മോശം ഫോമിലാണ് മുന്നോട്ട് പോവുന്നത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ നാല് റൺസ് മാത്രമാണ് രാഹുൽ നേടിയത്. നെതർലാൻഡ്‌സിനെതിരെ വെറും ഒമ്പത് റൺസ് മാത്രം നേടിയ രാഹുൽ ഈ നിലയിൽ തുടരുകയാണെങ്കിൽ അടുത്ത മത്സരം മുതൽ പുറത്തിരിക്കേണ്ടി വരും.

Post a Comment

Previous Post Next Post