ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍

(www.kl14onlinenews.com)
(01-NOV-2022)

ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍
തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലപാതകക്കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും ചേര്‍ന്ന് തെളിവ് നശിപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. കഷായക്കുപ്പി കണ്ടെടുക്കാന്‍ ഇവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കളിയിക്കാവിളയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും.

ഷാരോണിന് വിഷം നല്‍കിയ വിവരം മൂന്നാം ദിവസം ഗ്രീഷ്മ അമ്മയോട് പറഞ്ഞിരുന്നു. ഇതോടെ സംഭവം പുറത്തറിയാതിരിക്കാന്‍ അമ്മ സിന്ധു, സഹോദരന്‍ നിര്‍മ്മല്‍കുമാറിനൊപ്പം ചേര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കീടനാശിനി കലര്‍ന്ന കഷായക്കുപ്പി വീട്ടില്‍നിന്ന് അകലെയുള്ള കാടുനിറഞ്ഞ പ്രദേശത്ത് ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ടുദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ മറ്റൊരു അമ്മാവന്റെ മകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കഷായക്കൂട്ട് വാങ്ങി നല്‍കിയത് ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. സംഭവദിവസം ഗ്രീഷ്മയുടെ പിതാവ് ജോലിയുമായി ബന്ധപ്പെട്ട് ചടയമംഗലത്തായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഗ്രീഷ്മയെ മജിസ്‌ട്രേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നത്തെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റാനാണ് തീരുമാനം. ഗ്രീഷ്മക്കെതിരെ ആത്മഹത്യാശ്രമത്തിനും നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post