ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലൻഡ്സ്; ഇന്ത്യ സെമിയില്‍

(www.kl14onlinenews.com)
(06-NOV-2022)

ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലൻഡ്സ്; ഇന്ത്യ സെമിയില്‍
അവസാന സൂപ്പർ 12 മത്സരത്തിൽ സിംബാബ്‌വെയെ നേരിടാൻ ഒരുങ്ങുന്നതിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ശുഭവാർത്ത. ലോകകപ്പിലെ വമ്പൻ അട്ടിമറിയിൽ നെതർലാൻഡിന് മുന്നിൽ ദക്ഷിണാഫ്രിക്ക വീണതോടെ ഇന്നത്തെ കളിക്ക് മുന്നേ തന്നെ ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചു. നിർണായക മത്സരത്തിൽ കുഞ്ഞൻ ടീമിനോട് തോറ്റ ദക്ഷിണാഫ്രിക്കയാവട്ടെ പടിക്കൽ കലമുടയ്ക്കുന്ന സ്ഥിരം രീതി ഇത്തവണയും ആവർത്തിച്ചു.

13 റൺസിനാണ് ദക്ഷിഫ്രിക്കയെ നെതർലാൻഡ് തകർത്തത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷേ 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിൽ 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ നെതര്‍ലന്‍ഡ്‌സിന് ലോകകപ്പിൽ നിന്നുള്ള മടക്കം തലയുയർത്തിയുള്ളതായി.

കോളിന്‍ അക്കെര്‍മാനിന്റെ അവസാന ഓവര്‍ വെടിക്കെട്ടുകളിലാണ് മോശമല്ലാത്ത സ്കോര്‍ ടീം ഉറപ്പിച്ചത്. 20 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സെടുത്ത അവർക്ക് വേണ്ടി അക്കെര്‍മാന്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുകളോടെയും 41 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 5.6 ഓവറില്‍ 36 റണ്‍സിനിടെ ഓപ്പണര്‍മാര്‍ ഇരുവരും പുറത്തായി. പിന്നീട് വന്ന താരങ്ങൾക്ക് ആർക്കും മികച്ച ഇന്നിംഗ്‌സ് കളിയ്ക്കാൻ കഴിയാഞ്ഞത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. തോൽവിയോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ പാകിസ്ഥാൻ ബംഗ്ലാദേശ് മത്സരഫലം നിർണായകമായി.

Post a Comment

Previous Post Next Post