ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ, അഡ്‌ലെയ്‌ഡിലെ കാലാവസ്ഥ ചതിക്കുമോ ?

(www.kl14onlinenews.com)
(02-NOV-2022)

ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ,
അഡ്‌ലെയ്‌ഡിലെ കാലാവസ്ഥ ചതിക്കുമോ ?
അഡ്‌ലെയ്‌ഡ്:
ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ. സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ അഡലെയ്ഡ് ഓവലിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം 1.30നാണ് ആരംഭിക്കുക. ബംഗ്ലാദേശിനെ വീഴ്ത്താനായാൽ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനു പകരം ഋഷഭ് പന്ത് കളിച്ചേക്കും. കളി ഭാഗികമായെങ്കിലും മഴ മുടക്കാനുള്ള സാധ്യതയുമുണ്ട്.

സൂപ്പർ 12ൽ ഇതുവരെ 3 മത്സരം കളിച്ച ഇന്ത്യ രണ്ടെണ്ണത്തിൽ വിജയിച്ച് 4 പോയിൻ്റുമായി ഗ്രൂപ്പ് രണ്ടിൽ രണ്ടാമതാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് രണ്ടെണ്ണം വിജയിച്ച ബംഗ്ലാദേശ് പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യക്കും ബംഗ്ലാദേശിനും ഒരേ പോയിൻ്റാണെങ്കിലും മികച്ച റൺ നിരക്കാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്ത് നിർത്തിയിരിക്കുന്നത്.

ഇന്ത്യയും ബംഗ്ലാദേശും ബുധനാഴ്‌ച ഏറ്റുമുട്ടുമ്പോൾ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ശ്രദ്ധ മുഴുവൻ അഡ്‌ലെയ്‌ഡിലേക്ക് തിരിയും. എന്നാൽ മഴ ഭീഷണി നിലനിൽക്കുന്ന ഓസ്‌ട്രേലിയൻ മണ്ണിൽ കാലാവസ്ഥ പ്രവചനങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. ഞായറാഴ്‌ച സിംബാബ്‌വെയ്‌ക്കെതിരായ ആവേശകരമായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ബംഗ്ലാദേശ് ഇന്ത്യയുമായി ഏറ്റുമുട്ടുന്നു. എന്നാൽ

മറുഭാഗത്ത് രോഹിത് ശർമ്മയും കൂട്ടരും ടൂർണമെന്റിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് ബംഗാൾ കടുവകളെ നേരിടാനെത്തുന്നത്. നിലവിൽ ഇരു ടീമുകളുടെയും സെമി ഫൈനൽ പ്രതീക്ഷകൾ തുലാസിലാണ്. ഇന്ത്യ രണ്ടാം ഗ്രൂപ്പിൽ നാല് പോയിന്റുമായി ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിൽ രണ്ടാമതാണ്.

എന്നാൽ നാല് പോയിന്റുണ്ടെങ്കിലും റൺറേറ്റ് കുറഞ്ഞത് കാരണം ഇന്ത്യക്ക് പിന്നിലാണ് നിലവിൽ ബംഗ്ലാദേശ്. ബംഗ്ലാദേശിന് ഇനിയുള്ള രണ്ട് മത്സരങ്ങളും നിർണായകമാണ്. അവർക്ക് നേരിടേണ്ടത് ഇന്ത്യയെയും പാകിസ്ഥാനെയുമാണ്. ഇന്ത്യക്ക് ബംഗ്ലാദേശിന് പുറമെ കറുത്ത കുതിരകളായ സിംബാബ്‌വേയെ കൂടി നേരിടാനുണ്ട്. എങ്കിലും നാളെ ജയത്തോടെ മുന്നോട്ട് കുതിക്കാനാവും ഇന്ത്യ ശ്രമിക്കുക.

അഡ്‌ലെയ്‌ഡിലെ മഴ സാധ്യതകൾ:

നിലവിൽ ലഭ്യമാവുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇവിടെ മഴ സാധ്യത ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. മാത്രമല്ല മത്സരഫലത്തെ സ്വാധീനിക്കാൻ മഴയ്ക്ക് കഴിയുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയൻ ഗവൺമെന്റ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ട് അനുസരിച്ച് നഗരത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

കൂട്ടിന് ഇടിമിന്നലും ഉണ്ടാവുമെന്ന് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നു. 'അന്തരീക്ഷം മേഘാവൃതമാണ് വളരെ ഉയർന്ന (95 ശതമാനം) മഴയ്ക്കുള്ള സാധ്യതയുണ്ട്. വൈകുന്നേരം ഇത് കുറഞ്ഞേക്കും. രാവിലെയും വൈകുന്നേരവും ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്' റിപ്പോർട്ടിൽ പറയുന്നു.

മത്സര ദിവസമായ നാളെ (ബുധനാഴ്‌ച) ആവട്ടെ വൈകുന്നേരം മഴ പെയ്യാനും തെക്കുപടിഞ്ഞാറ് ദിശയിൽ 20 മുതൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും 60 ശതമാനം സാധ്യതയുണ്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം പ്രാദേശിക സമയം വൈകുന്നേരം 6.30 ഓടെയാണ് ആരംഭിക്കുക. ഇതിന് കാലാവസ്ഥ ഒരു തടസമായേക്കുമെന്നാണ് വിലയിരുത്തൽ.

അക്യുവെതർ റിപ്പോർട്ട് അനുസരിച്ച് മത്സരത്തിന്റെ ആരംഭത്തിൽ കാലാവസ്ഥ 70 ശതമാനത്തിലധികം മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രി 8 മണിക്കും 11 മണിക്കും ഇടയിൽ മഴ പെയ്തേക്കാം. താപനില 12 ഡിഗ്രി സെൽഷ്യസിനു മുകളിലായിരിക്കും. അതേസമയം, നിലവിൽ ഇരു ടീമുകളും പോയിന്റ് നിലയിൽ തുല്യരായതിനാൽ നാളത്തെ മത്സരത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Post a Comment

Previous Post Next Post