സിപിഎം ഇടപെട്ടു; ഗവർണർക്കെതിരായ പോസ്റ്റ് പിൻവലിച്ച് മന്ത്രി എം.ബി.രാജേഷ്

(www.kl14onlinenews.com)
(17-Oct-2022)

സിപിഎം ഇടപെട്ടു; ഗവർണർക്കെതിരായ പോസ്റ്റ് പിൻവലിച്ച് മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചുള്ള സമൂഹമാധ്യമ പോസ്റ്റ് പിൻവലിച്ച് മന്ത്രി എം.ബി.രാജേഷ്. സിപിഎം ഇടപെട്ടതോടെയാണ് മന്ത്രി പോസ്റ്റ് പിൻവലിച്ചത്. പാർട്ടി നിർദേശപ്രകാരം പോസ്റ്റ് പിൻവലിച്ച മന്ത്രി, പകരം സിപിഎം പൊളിറ്റ് ബ്യൂറോയുടെ വാർത്താക്കുറിപ്പ് പങ്കുവച്ചു.

‘വൈസ് ചാൻസലറെ ക്രിമിനലെന്നും, ചരിത്രപണ്ഡിതനെ തെരുവുഗുണ്ടയെന്നും വിളിച്ചത് മന്ത്രിയല്ലെന്നും, ആ ഭാഷ ഇടതുപക്ഷത്തിന്റെ സംസ്കാരമല്ലെന്നും’ മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രാജേഷ് സമൂഹമാധ്യമത്തിൽ ഗവർണറെ ഉന്നമിട്ടു കുറിച്ചത്.

മന്ത്രി എം.ബി.രാജേഷ് പിൻവലിച്ച കുറിപ്പ്

ബഹുമാനപ്പെട്ട ഗവർണറുടെ ട്വീറ്റ്‌ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പറയുന്നത്‌ മന്ത്രിമാർ, ഗവർണർ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന പ്രസ്താവനകൾ നടത്തിയാൽ അവരെ പിൻവലിക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ്‌. മൂന്ന്‌ കാര്യങ്ങൾ ആദരവോടെ വ്യക്തമാക്കട്ടെ.

1. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നില്ല. ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്‌.

2‌. ഒരു വൈസ്‌ചാൻസലറെ ‘ക്രിമിനലെന്നും’, 90 വയസ്സ് കഴിഞ്ഞ, ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ ‘തെരുവുഗുണ്ട’ എന്നും വിളിച്ചത്‌ കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാൾക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തിൽ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത്‌ ഇടതുപക്ഷത്തിന്റെ സംസ്കാരമല്ല.

3. ജനാധിപത്യത്തിൽ ഗവർണറുടെ ‘pleasure’ എന്നത്‌, രാജവാഴ്ചയിലെ രാജാവിന്റെ ‘അഭീഷ്ടം’ അല്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്‌. ബഹുമാനപ്പെട്ട ഗവർണറുടെ പേരിൽ ഇതുപോലെയുള്ള ട്വീറ്റ്‌ തയാറാക്കുന്നവരാണ്‌ അദ്ദേഹത്തിന്റെ പദവിക്ക്‌ കളങ്കമേൽപ്പിക്കുന്നത്, മന്ത്രിമാരല്ല‌. അവരെ ബഹുമാനപ്പെട്ട ഗവർണർ ഒന്ന് കരുതിയിരിക്കുന്നത്‌ നന്നായിരിക്കും.

Post a Comment

أحدث أقدم