ജില്ലാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ് സമാപിച്ചു; പെരിയടുക്ക എംപി ഇന്റർനാഷനൽ സ്കൂൾ ഓവറോൾ ചമ്പ്യാൻമാർ

(www.kl14onlinenews.com)
(12-Oct-2022)

ജില്ലാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പ് സമാപിച്ചു; പെരിയടുക്ക എംപി ഇന്റർനാഷനൽ സ്കൂൾ ഓവറോൾ ചമ്പ്യാൻമാർ
നീലേശ്വരം :ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 243 പോയിന്റോടെ കാസർകോട് പെരിയടുക്ക എം.പി.ഇന്റർനാഷനൽ സ്കൂൾ ഓവറോൾ ചമ്പ്യാൻമാർ. 158 പോയിന്റുകളുമായി കോസ്മോസ് പള്ളിക്കരയ്ക്കാണ് രണ്ടാം സ്ഥാനം. 73 പോയിന്റ് നേടിയ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവന്റ് സ്കൂൾ മൂന്നാം സ്ഥാനത്തെത്തി. സീനിയർ വിഭാഗത്തിൽ 175പോയിന്റോടെ പെരിയടുക്ക എംപി ഇന്റർനാഷനൽ സ്കൂൾ ഒന്നും 105 പോയിന്റുമായി പള്ളിക്കര കോസ്മോസ് രണ്ടും സ്ഥാനങ്ങൾ നേടി.

ജൂനിയർ വിഭാഗത്തിൽ യഥാക്രമം 68, 53 പോയിന്റുകളുമായി ഇരു ടീമുകളും തന്നെയാണ് ആദ്യ 2 സ്ഥാനങ്ങളിൽ. സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു.വിജയികൾക്കു സമ്മാനങ്ങളും നൽകി. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.പി.ശ്രീധരൻ, സീനിയർ വൈസ് പ്രസിഡന്റ് പി.കെ.ബാലകൃഷ്ണൻ, സെക്രട്ടറി പി.ജനാർദനൻ അച്ചാംതുരുത്തി, ജോയിന്റ് സെക്രട്ടറി ടി.വി.ഗോപാലകൃഷ്ണൻ, ട്രഷറർ ടി.ശ്രീധരൻ നായർ, ടി.കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.


ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിച്ച ചാംപ്യൻഷിപ്പിൽ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്, സ്കൂൾ, കോളജ്, അക്കാദമികൾ എന്നിവിടങ്ങളിൽ നിന്നായി ആയിരത്തി ഇരൂനൂറോളം കായികതാരങ്ങൾ മാറ്റുരച്ചു. വിജയികൾ 20 മുതൽ 23 വരെ മലപ്പുറത്തെ കാലിക്കറ്റ് സർവകലാശാല മൈതാനിയിൽ നടക്കും. അണ്ടർ 10,12 വിഭാഗങ്ങളിലും 20 നു മേൽ പ്രായമുള്ളവരുടെ വിഭാഗത്തിലും സംസ്ഥാനതല മത്സരമില്ല.

ത്രോ ഇനങ്ങളിൽ നേട്ടം പങ്കിട്ട് അഖിലയും അനുപ്രിയയും

നീലേശ്വരം ∙ ജില്ലാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഷോട്പുട്ടിലും ഡിസ്കസ് ത്രോയിലും ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ട് ദേശീയ താരങ്ങളായ അഖില രാജുവും വി.എസ്.അനുപ്രിയയും. ചെറുവത്തൂർ കെ.സി.ത്രോസ് അക്കാദമിയിലെ താരങ്ങളായ ഇരുവരും രണ്ടിനങ്ങളിലും റെക്കോർഡ് വിജയമാണ് നേടിയത്. ഡിസ്കസ് ത്രോയിൽ അഖില അനുപ്രിയയെ രണ്ടാമതാക്കി മിന്നും വിജയം നേടിയപ്പോൾ ഷോട്ട്പുട്ടിൽ അനുപ്രിയ അഖിലയെ രണ്ടാമതാക്കി ജേതാവായി. നേരത്തെ കുറിച്ച റെക്കോഡുകളെ മറികടന്ന പ്രകടനമായിരുന്നു ഇരുവരുടേതും. ഡിസ്കസ് ത്രോയിൽ 43.32 മീറ്റർ എറിഞ്ഞാണ് അഖില സ്വർണം നേടിയത്. ഷോട്ട്പുട്ടിൽ സുവർണ വിജയം നേടിയ അനുപ്രിയ 15.41 മീറ്റർ എറിഞ്ഞു. കെ.സി.ത്രോസ് അക്കാദമിയിൽ നിന്നു മത്സരിച്ച 6 താരങ്ങൾ 7 സ്വർണവും 2 വെള്ളിയും നേടി.

സഹോദരങ്ങൾക്ക് പിന്നാലെ മെഡൽ നേടി ശംഭുനാഥും

നീലേശ്വരം ∙ ജില്ലാ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലെ കുടുംബവിജയത്തിന്റെ തിളക്കമേറ്റി 5000 മീറ്റർ ഓട്ടത്തിൽ കെ.ശംഭുനാഥും ചാംപ്യൻ ആയി. അണ്ടർ 20 വിഭാഗത്തിലാണ് മത്സരിച്ചത്. അണ്ടർ 16 2000 മീറ്റർ ഓട്ടത്തിൽ ആൺ, പെൺ വിഭാഗങ്ങളിൽ സഹോദരങ്ങളായ കെ.മഞ്ജുനാഥ്, കെ.ദേവിക എന്നിവർ കഴിഞ്ഞ ദിവസം മിന്നും വിജയം നേടിയിരുന്നു.ചീമേനി തച്ചർണംപൊയിലിലെ ജനബോധിനി കലാകായിക വേദിയെ പ്രതിനിധീകരിച്ചാണ് മൂവരും മൽസരിച്ചത്. ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. തായ്ക്വാൻഡോ ദേശീയ താരവും കൂടിയാണ് ശംഭുനാഥ്. കാസർകോട് വയോജന മന്ദിരം ജീവനക്കാരൻ എം.രവിയുടെയും കെ.സരിതയുടെയും മക്കളാണ് മൂവരും.

ദീർഘദൂര ഓട്ടത്തിൽ നേട്ടം കൊയ്ത്

നീലേശ്വരം ∙ 3000 മീറ്റർ ഓട്ടത്തിൽ വിവിധ വിഭാഗങ്ങളിൽ കെ.നേയ ദിനേശ്, വി.ജെ.ആതിര, മുഹമ്മദ് മുസൈൻ എന്നിവർ ജേതാക്കൾ. അജാനൂർ ഇഖ്ബാൽ എച്ച്എസ്എസ് വിദ്യാർഥിനിയായ നേയ അണ്ടർ 18 വിഭാഗത്തിലാണ് മൽസരിച്ചത്. കൊളവയൽ കാറ്റാടി കെ.വി.ഹൗസിലെ ദിനേശന്റെയും കാഞ്ഞങ്ങാട് എം.എം.ഫാൻസി ഹോൾസെയിൽ ജീവനക്കാരി എസ്.സജിതയുടെയും മകളാണ്. ജില്ലാ സീനിയർ ഖൊഖൊ ടീം സിലക്ഷനു തയാറാകുന്നതിനിടെയാണ് നേയയുടെ വിജയം. ചീമേനി തച്ചർണംപൊയിൽ ജനബോധിനിയെ പ്രതിനിധീകരിച്ച് അണ്ടർ 20 വിഭാഗത്തിലാണ് വി.ജെ.ആതിര മത്സരിച്ചത്.

ചെറുവത്തൂർ കെഎഎച്ച് ആശുപത്രിയിൽ നഴ്സ് ആണ്. മരപ്പണി ചെയ്യുന്ന വി.ടി.ജയചന്ദ്രന്റെയും നിടുംബയിൽ ഹോട്ടൽ നടത്തുന്ന എൻ.രാധയുടെയും മകളാണ്. അണ്ടർ 18 ബോയ്സിൽ ഒന്നാംസ്ഥാനക്കാരനായ മുഹമ്മദ് മുസൈൻ എം.പി.ഇന്റർനാഷനൽ സ്കൂൾ പെരിയടുക്കത്തെ പ്രതിനിധീകരിച്ചു. ഹോട്ടൽ ജീവനക്കാരനായ സീതാംഗോളി ഉറുമിയിലെ അബ്ദുൽ മുനീറിന്റെയും ഫാത്തിമത്ത് ഷാബിറയുടെയും മകനാണ്.


Post a Comment

Previous Post Next Post