കേരളത്തിലെ 873 പൊലീസുകാര്‍ക്ക് പിഎഫ്‌ഐ ബന്ധമെന്ന് എന്‍ഐഎ

(www.kl14onlinenews.com)
(04-Oct-2022)

കേരളത്തിലെ 873 പൊലീസുകാര്‍ക്ക് പിഎഫ്‌ഐ ബന്ധമെന്ന് എന്‍ഐഎ
തിരുവനന്തപുരം :
സംസ്ഥാനത്ത് 873 പൊലീസുകാര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് എന്‍ഐഎ ആവശ്യപ്പെട്ടു. പിഎഫ്‌ഐ ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സി ഡിജിപിക്ക് കൈമാറി.  മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ സ്വാധീനം പോപ്പുലര്‍ ഫ്രണ്ടിന് കേരള പൊലീസില്‍ ഉണ്ടായിരുന്നെന്നാണ് കണ്ടെത്തല്‍.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനുശേഷം വലിയ തോതിലുള്ള വിവരശേഖരണം എന്‍ഐഎ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് പിഎഫ്‌ഐ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചത്. ഈ ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കിയതെന്നത് ഉള്‍പ്പെടെയുള്ളവ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഐഎ നല്‍കിയെന്നാണ് വിവരം. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെയായിരുന്നു വിവരശേഖരണം.

സെപ്തംബർ 27നാണ് പോപ്പുലർ ഫ്രണ്ടിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. അഞ്ച് വർഷത്തേയ്ക്കാണ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇസ്ലാമിക സംഘടനയ്ക്ക് ഐസിസ് പോലുള്ള ആഗോള ഭീകര ഗ്രൂപ്പുകളുമായി 'ബന്ധം' ഉണ്ടെന്നും രാജ്യത്ത് വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് നിരോധനം. 

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള എന്നീ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post