ഹെഡ് ലൈറ്റ് ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ്; എംവിഡിയുടെ പിടിയില്‍

(www.kl14onlinenews.com)
(25-Oct-2022)

ഹെഡ് ലൈറ്റ് ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ്; എംവിഡിയുടെ പിടിയില്‍
മലപ്പുറം: ഹെഡ് ലൈറ്റ് ഇല്ലാത്ത സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. രാത്രിയില്‍ മലപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോയ ബസാണ് പിടികൂടിയത്. ബസിന് ഹെഡ് ലൈറ്റും ബ്രേക്ക് ലൈറ്റും സ്പാര്‍ക്ക് ലൈറ്റും ഇല്ലാത്ത നിലയിലായിരുന്നു. ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു.

രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയില്‍ നിറയെ ആളുകളെ കുത്തി നിറച്ച് യാത്ര ചെയ്യുകയായിരുന്നു കെഎസ്ആര്‍ടിസി. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമ്രവട്ടം പാലത്തിന് സമീപം വെച്ച് ബസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെഡ് ലൈറ്റും ബ്രേക്ക് ലൈറ്റും സ്പാര്‍ക്ക് ലൈറ്റും ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. തെരുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് വാഹനം ഓടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മോട്ടോര്‍ വാഹന വകുപ്പിന്റെ അകമ്പടിയില്‍ പൊന്നാനിയില്‍ എത്തിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കാത്തതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് യാത്രക്കാരെ പൊന്നാനി ഡിപ്പോയില്‍ എത്തിച്ചത്. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ കെ ആര്‍ ഹരിലാല്‍, വിജീഷ് വാലേരി എന്നിവരാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post