'ഗവർണർ ഗവർണറുടെ പണി എടുത്താല്‍ മതി’; രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

(www.kl14onlinenews.com)
(24-Oct-2022)

ഗവർണർ ഗവർണറുടെ പണി എടുത്താല്‍ മതി’; രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
പാലക്കാട്: ഗവർണർ ഗവർണറുടെ ചുമതല നിർവഹിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ എന്ന അവകാശത്തിന് ഒരിഞ്ച് കടക്കരുത്. സർക്കാർ നിർദേശം അനുസരിച്ച് പ്രവർത്തിച്ചാൽ മതി. അല്ലാത്തതൊന്നും കേരളത്തിൽ നടക്കില്ലെന്നും പിണറായി വിജയൻ പാലക്കാട് പറഞ്ഞു.

”ഗവർണര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് മനസിലാകുന്നില്ല.നാടിന്റെ വികസനം തടയാൻ വരുന്നത് ആരായാലും ഈ നാട് അത് സമ്മതിക്കില്ല. ഗവർണർ എന്ന അവകാശത്തിന് ഒരിഞ്ച് കടക്കരുത്. ഗവര്‍ണര്‍ക്ക് വ്യക്തിപരമായി ഇവിടെ ഒന്നും ചെയ്യാനാവില്ല. അത്തരത്തിലുള്ള ഒന്നുമായും പുറപ്പെടേണ്ട. അങ്ങനെ ഒരു പുറപ്പെടലും കേരളം സമ്മതിക്കില്ല. ഗവർണർ ഗവർണറുടെ ചുമതല നിർവഹിച്ചാൽ മതി. മെല്ലെ ഒന്നു തോണ്ടി കളയാമെന്ന് വെച്ചാൽ ആ തോണ്ടലൊന്നും ഏല്‍ക്കില്ല”- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല,കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്. നിയമനം ചട്ടപ്രകരാമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സവർവകലാശാല വി.സിമാരോടും രാജിയാവശ്യപ്പെട്ടത്.

Post a Comment

Previous Post Next Post