ബാര്‍ബര്‍ ഷോപ്പില്‍ നിന്നും മുടിയെടുത്ത് ബാഗിലിട്ടു; പൊലീസിനെ വഴിതെറ്റിക്കാനെന്ന് ശ്യംജിത്ത്

(www.kl14onlinenews.com)
(23-Oct-2022)

ബാര്‍ബര്‍ ഷോപ്പില്‍ നിന്നും മുടിയെടുത്ത് ബാഗിലിട്ടു; പൊലീസിനെ വഴിതെറ്റിക്കാനെന്ന് ശ്യംജിത്ത്
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതകത്തിൽ പ്രതി ശ്യംജിത്ത് അന്വേഷണ ഉദ്യോ​ഗസ്ഥരെ വഴിതെറ്റിക്കാനും ശ്രമിച്ചെന്ന് പൊലീസ്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകം നടത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് കൊലയ്ക്കായി നീക്കം തുടങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടി ബാര്‍ബര്‍ ഷോപ്പില്‍ നിന്നും മുടിയെടുത്ത് പ്രതി ഉപയോ​ഗിച്ചിരുന്ന ബാഗിലിട്ടു. ഡിഎന്‍എ പരിശോധനയില്‍ പൊലീസിനെ വഴിതെറ്റിക്കാനാണ് ഇത് ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ഉപയോ​ഗിച്ച ഇരുഭാഗവും മൂര്‍ച്ചയുളള കത്തി മൂന്ന് ദിവസം മുമ്പ് ആണ് പ്രതി നിര്‍മ്മിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിയുമായി മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ വീടിനടുത്ത വെള്ളക്കെട്ടിൽ നിന്ന് പ്രതി ഉപയോ​ഗിച്ച ബാ​ഗ് കണ്ടെത്തി. ബാ​ഗിൽ കൊലപാതകത്തിന് ഉപയോ​ഗിച്ച ചുറ്റിക, കയ്യുറ, മുളകുപൊടി, ഇടിക്കട്ട, ഇരുമ്പ് വടി എന്നിവ കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം ഈ സാധനങ്ങളെല്ലാം ബാഗിലാക്കി മാനന്തേരിയിലേക്ക് വന്ന പ്രതി വീടിന് അടുത്തുള്ള ഒരു കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൃത്യത്തിന് ശേഷം വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് തന്നെ വസത്രം മാറിയെന്നും മൊഴിയിൽ പറയുന്നു.
മാനന്തേരിയിലെ തെളിവെടുപ്പിന് ശേഷം പ്രതിയെ കൊല നടത്തിയ പാനൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആയുധങ്ങൾ വാങ്ങിയ കടകളിലും തെളിവെടുപ്പിന് എത്തിക്കും. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കുമെന്നാണ് വിവരം.

Post a Comment

Previous Post Next Post