ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി 2922

(www.kl14onlinenews.com)
(10-Oct-2022)

ഇ.ഡി കേസിൽ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി

ഇ.ഡി കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി. ലഖ്നോ ജില്ലാ കോടതിയാണ് ഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്. പല തവണ മാറ്റി വച്ച ശേഷം ഹരജി ഇന്ന് ലഖ്നോ കോടതി പരിഗണിക്കാനിരുന്നതാണ്. മുലായം സിങ് യാദവിന്റെ നിര്യാണത്തെ തുടർന്നാണ് ഇന്ന് ഹരജി മാറ്റിയത്.

സിദ്ദീഖ് കാപ്പന് യു.എ.പി.എ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ, സെപ്തംബർ 29ന് ഹരജി പരി​ഗണിച്ച കോടതി ഒക്ടോബർ പത്തിലേക്ക് മാറ്റിയതായിരുന്നു.

മുമ്പ് ജഡ്ജ് അവധിയായതിനെ തുടർന്ന് കാപ്പന്റെ ജാമ്യാപേക്ഷ മാറ്റിയിരുന്നു. എത്രയും വേഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട കാപ്പന്റെ അഭിഭാഷകൻ, യു.എ.പി.എ കേസില്‍ സുപ്രിംകോടതി ഇതിനോടകം ജാമ്യം നല്‍കിയിട്ടുണ്ടെന്നും ജാമ്യനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിച്ചിരുന്നു.

ഹാഥറസിൽ പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് യു.എ.പിഎ. അടക്കമുള്ള കടുത്ത നിയമങ്ങൾ ചുമത്തുകയായിരുന്നു. പിന്നീട് ഇ.ഡിയും കേസെടുത്തു.

Post a Comment

Previous Post Next Post