ഫിഫ ലോകകപ്പിലേക്ക് ഇനി 21 ദിനങ്ങൾ; നവം.1 മുതൽ ദോഹ കോർണിഷിൽ വാഹനങ്ങൾക്കു വിലക്ക്

(www.kl14onlinenews.com)
(30-Oct-2022)

ഫിഫ ലോകകപ്പിലേക്ക് ഇനി 21 ദിനങ്ങൾ;
നവം.1 മുതൽ ദോഹ കോർണിഷിൽ വാഹനങ്ങൾക്കു വിലക്ക്
ദോഹ :ഫിഫ ലോകകപ്പിലേക്ക് ഇനി 21 ദിനങ്ങൾ മാത്രം. നവംബർ 1 മുതൽ ഖത്തറിലേക്കുള്ള പ്രവേശനം, വീസ, കോവിഡ് പരിശോധനാ നയങ്ങളിലെ മാറ്റങ്ങൾ, റോഡ് നിയന്ത്രണങ്ങൾ തുടങ്ങി ഖത്തറിലുള്ളവരും ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ എന്നറിയാം.

സന്ദർശകർ/ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾ അറിയാൻ


∙നവംബർ 1 മുതൽ ഡിസംബർ 23 വരെ ഓൺ അറൈവൽ ഉൾപ്പെടെ എല്ലാത്തരം സന്ദർശക വീസകൾക്കും ബിസിനസ് വീസകൾക്കും നിയന്ത്രണം.

∙ഖത്തറിലേയ്ക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം. ലോകകപ്പ് ടിക്കറ്റെടുത്തവർക്കാണു ഹയാ കാർഡ് ലഭിക്കുന്നത്.

∙ഹയാ കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ ഡിസംബർ 23 വരെ ഖത്തറിൽ പ്രവേശിക്കാം. 2023 ജനുവരി 23 വരെ ഖത്തറിൽ താമസിക്കാം.

∙വിദേശത്ത് നിന്നെത്തുന്ന ഹയാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത 3 പേരെ കൂടി അതിഥികളായി ഒപ്പം കൂട്ടാം.

∙യുഎഇ, ഒമാൻ രാജ്യങ്ങളിലേക്ക് നവംബർ 1 മുതൽ പ്രവേശിക്കാം. സൗദിയിലേക്കു ലോകകപ്പിനു 10 ദിവസം മുൻപ് അതായത് നവംബർ 10 മുതലാണു പ്രവേശനം.

∙ഖത്തറിലേയ്ക്ക് പ്രവേശിക്കാൻ ഇഹ്‌തെറാസ് പ്രി -റെജിസ്‌ട്രേഷൻ വേണ്ട, കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റും ആവശ്യമില്ല.

ഖത്തറിലെ താമസക്കാർ അറിയാൻ

∙കോവിഡ് അപകട നിർണയ ആപ്പ് ആയ ഇഹ്‌തെറാസ് ആരോഗ്യകേന്ദ്രങ്ങളിലെ പ്രവേശനത്തിനു മാത്രം മതി.

∙വിദേശ യാത്ര കഴിഞ്ഞെത്തുമ്പോഴുള്ള കോവിഡ് പരിശോധന വേണ്ട.

∙ഖത്തറിലെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ 70 ശതമാനം സേവനങ്ങളും വെർച്വൽ, ഓൺലൈൻ ആയിരിക്കും.

∙ലോകകപ്പിലെ പ്രധാന കാർണിവൽ വേദിയായ ദോഹ കോർണിഷ് സ്ട്രീറ്റ് അടക്കും. പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രം.

∙സെൻട്രൽ ദോഹയിലുടനീളം സൗജന്യ ഷട്ടിൽ ബസുകൾ ഉണ്ടാകും.

∙പൊതു ഗതാഗത നമ്പർ പ്ലേറ്റുകളും ബ്ലാക്ക് പ്രൈവറ്റ് ട്രാൻസ്‌പോർട് നമ്പർ പ്ലേറ്റുകളുമുള്ള വാഹനങ്ങൾക്ക് സെൻട്രൽ ദോഹയിലേക്ക് പ്രവേശനമില്ല. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് സി-റിങ് റോഡിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗം വരെയും കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് വരെയുമാണു നിയന്ത്രണം.

നവം. 1 മുതൽ ദോഹ കോർണിഷിൽ വാഹനങ്ങൾക്കു വിലക്ക്

ദോഹ, നവംബർ 1 മുതൽ ഡിസംബർ 19 വരെ ദോഹ കോർണിഷിൽ വാഹനങ്ങൾക്കു വിലക്ക്. പ്രവേശനം കാൽനടയാത്രക്കാർക്കു മാത്രം. ഫിഫ ലോകകപ്പിന്റെ പ്രധാന കാർണിവൽ വേദിയാണു കോർണിഷ്.

കോർണിഷിനോടു ചേർന്നാണു ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയായ അൽബിദ പാർക്കും. ഇവിടങ്ങളിലേക്കും സെൻട്രൽ ദോഹയിലേക്കും എത്താൻ ദോഹ മെട്രോ, കർവ ബസുകൾ, ടാക്‌സികൾ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണം.

ടാക്‌സി പിക്ക് ആൻഡ് ഡ്രോപ് സോണുകൾ

∙ അഷ്ഗാൽ ടവർ, അൽബിദ പാർക്ക് ഖലീഫ ടെന്നീസ്-സ്‌ക്വാഷ് കോംപ്ലക്സ്, സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് പാർക്ക്, പഴയ ദോഹ തുറമുഖം.

ദോഹ മെട്രോ സ്‌റ്റേഷനുകൾ

∙ അൽബിദ പാർക്ക്, കോർണിഷ് (പുറത്തേക്ക് പോകാൻ മാത്രം), വെസ്റ്റ്‌ബേ ഖത്തർ എനർജി.

സൗജന്യ ഷട്ടിൽ ബസുകൾ

∙ സെൻട്രൽ ദോഹയിലുടനീളം സൗജന്യ ഷട്ടിൽ ബസുകളുടെ സേവനം ലഭിക്കും. മൗസലാത്ത് വെബ്‌സൈറ്റിലും ഹയാ ടു ഖത്തർ 2022 ആപ്ലിക്കേഷനിലും ബസ് റൂട്ടുകൾ അറിയാം.

പാർക്ക് ആൻഡ് റൈഡ്

∙ സെൻട്രൽ ദോഹയിൽ പാർക്കിങ് സൗകര്യമില്ല. വിവിധയിടങ്ങളിലെ പാർക്ക് ആൻഡ് റൈഡുകൾ ഉപയോഗപ്പെടുത്തി കോർണിഷിലേക്ക് എത്താം.

∙ ഖത്തർ സർവകലാശാല, അൽ ഖ്വാസർ, ഉം ഗുവെയ്‌ലിന, അൽ വക്ര, അൽ മെസില്ല എന്നീ മെട്രോ സ്‌റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ കോർണിഷിലേക്ക് എത്താം.

Post a Comment

Previous Post Next Post