സഖാവ് കോടിയേരിക്ക് പയ്യാമ്പലത്ത് അന്ത്യവിശ്രമം; വിലാപയാത്രയില്‍ കാല്‍നടയായി അനുഗമിച്ച് മുഖ്യമന്ത്രി

(www.kl14onlinenews.com)
(03-Oct-2022)

സഖാവ് കോടിയേരിക്ക് പയ്യാമ്പലത്ത് അന്ത്യവിശ്രമം; വിലാപയാത്രയില്‍ കാല്‍നടയായി അനുഗമിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് കണ്ണീരോടെ യാത്രാമൊഴിയേകി കേരളം. പൂര്‍ണ്ണ ബഹുമതികളോടെ പയ്യാമ്പലത്ത് മൃതദേഹം സംസ്‍ക്കരിച്ചു. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് ചിതയൊരുങ്ങിയത്. കുടുംബാഗങ്ങൾക്കും 12 നേതാക്കൾക്കും മാത്രമാണ് പയ്യാമ്പലത്ത് സംസ്‍ക്കാരം നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ പയ്യാമ്പലം ബീച്ച് മുഖരിതമായിരുന്നു.

മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയില്‍ കാല്‍നടയായിട്ടാണ് നേതാക്കളും പ്രവര്‍ത്തകരും ആംബുലന്‍സിനെ അനുഗമിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം എ ബേബി, എം വി ഗോവിന്ദൻ, എം വിജയരാജൻ, വിജയരാഘവൻ, കെ കെ ശൈലജ, പി കെ ശ്രീമതി അടക്കമുളള മുതിർന്ന നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. മുഖ്യമന്ത്രിയും യെച്ചൂരിയും കോടിയേരിയുടെ ഭൗതിക ശരീരം വിലാപയാത്രയില്‍ ചുമലിലേറ്റി.

ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൌൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായിരുന്നു.

ഭാര്യ വിനോദിനിയും മക്കളും പൊട്ടിക്കരഞ്ഞു കൊണ്ടാണ് വീട്ടിൽ നിന്ന് കോടിയേരിക്ക് അവസാന യാത്രമൊഴിയേകിയത്. ഈങ്ങയിൽ പീടികയിലെ വീട്ടിൽ നിന്ന് കണ്ണൂരിലേയ്ക്കുള്ള വിലാപയാത്രയിൽ വഴിക്ക് ഇരുവശവും അന്ത്യാഭിവാദ്യവുമായി ജനം തടിച്ചുകൂടിയിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്ന കോടിയേരി ശനിയാഴ്‍ച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്.

Post a Comment

Previous Post Next Post