യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച് തുന്നിക്കെട്ടി; തെറ്റ് സമ്മതിച്ച് ഡോക്ടര്‍മാര്‍

(www.kl14onlinenews.com)
(10-Oct-2022)

യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച് തുന്നിക്കെട്ടി; തെറ്റ് സമ്മതിച്ച് ഡോക്ടര്‍മാര്‍
കോഴിക്കോട്:മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച കേസില്‍ ആശുപത്രിയുടെ ന്യായീകരണം പൊളിയുന്നു. തെറ്റുപറ്റിയെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നു. ഹര്‍ഷിനയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളജിലേതാണെന്ന് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയെന്നും ഇതില്‍ പറയുന്നുണ്ട്. യുവതിയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്. കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജിലേതല്ലെന്നും യുവതി മറ്റ് ആശുപത്രികളില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നുമായിരുന്നു തുടക്കത്തില്‍ ഡോക്ടര്‍മാരുടെ ന്യായീകരണം.

പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. ഇതിനു ശേഷം ഹർഷിനയ്ക്ക് അവശതയും വേദനയും ഉണ്ടായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.

തുടർന്നു സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. 17ന് കത്രിക പുറത്തെടുക്കുകയും ചെയ്തു. 12 സെന്റി മീറ്റർ നീളവും 6 സെന്റി മീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Post a Comment

Previous Post Next Post