ഷാരോണിനെ കൊന്നത് തന്നെ! വിഷം കലര്‍ത്തിയെന്ന് കാമുകി, കുറ്റം സമ്മതിച്ചു

(www.kl14onlinenews.com)
(30-Oct-2022)

ഷാരോണിനെ കൊന്നത് തന്നെ! വിഷം കലര്‍ത്തിയെന്ന് കാമുകി, കുറ്റം സമ്മതിച്ചു
പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റേത് കൊലപാതകമെന്ന് അന്വേഷണ സംഘം. കാമുകിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് ഗ്രീഷ്മയുടെ മൊഴി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയത്. ഇതിനായി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഏത് വിഷമാണ് ഇതിനായി തിരഞ്ഞെടുത്തത് എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം മാത്രമേ വ്യക്തത വരൂ. ഷാരോണ്‍ രാജിന്റെ അവസാന ശബ്ദസന്ദേശവും കാമുകിയുമായി നടത്തിയ ജ്യൂസ് ചലഞ്ചിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംശയ മുനകള്‍ കാമുകിയിലേക്ക് നീങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതാണ് വഴിത്തിരിവായത്. പിന്നാലെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഗ്രീഷ്മ പതറുകയായിരുന്നു.

ഷാരോണിൻ്റേത് കൊലപാതകമാണെന്നും, പ്രണയത്തോട് പെൺകുട്ടിയുടെ വീട്ടുകാർക്കുണ്ടായ എതിർപ്പാണ് കൊലപാതകത്തിന് കാരണമെന്നുമാണ് യുവാവിൻ്റെ ബന്ധുക്കൾ ഉയർത്തിയ ആരോപണം. ഷാരോണിൻ്റെ മരണത്തിനു പിന്നാലെ ഗ്രീഷ്മയുമായുള്ള വാട്സാപ്പ് ഷാരോണിൻ്റെ ചാറ്റുകളും, പെൺകുട്ടി ഷാരോണിൻ്റെ സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണവും വീട്ടുകാർ പുറത്തുവിട്ടിരുന്നു. ഗ്രീഷ്മയുടെ വീട്ടിലില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവെച്ചതായി ഇതില്‍ നിന്ന് വ്യക്തമാണ്. താൻ കുടിച്ചുകൊണ്ടിരുന്ന കഷായമാണ് ഷാരോണിന് നൽകിയതെന്ന് പെൺകുട്ടി പറയുന്നത് ഓഡിയോയിലുണ്ട്. രാവിലെയും കഷായം കുടിച്ചിരുന്നു. കഷായത്തിന് കയ്പ്പുണ്ടോയെന്ന് ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം നൽകിയതെന്നും പെൺകുട്ടി ഷാരോണിൻ്റെ സുഹൃത്തിനോട് പറയുന്നു. ഷാരോണിന് നൽകിയത് താൻ കഴിച്ചതിൻ്റെ ബാക്കി കഷായമാണ്. അത് കഷായത്തിൻ്റെ അവസാന ഡോസായിരുന്നുവെന്നും ഗ്രീഷ്മ പറഞ്ഞു. ഇവിടെ നിന്നും വിഷം ഒരിക്കലും ഷാരോണിൻ്റെ ഉള്ളിൽച്ചെന്നിട്ടില്ലെന്നും യുവതി പറയുന്നു. കഷായം സംബന്ധിച്ച വിവരങ്ങള്‍ കാമുകി മറച്ചുവെക്കാന്‍ ശ്രമിച്ചതും മൊഴികളിലെ പൊരുത്തക്കേടും സംശയം വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിലേക്ക് എത്തിയത്.

അതേസമയം മരണത്തിനു മുമ്പ് ഗ്രീഷ്മയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളിൽ കഷായത്തെക്കുറിച്ച് ഷാരോൺ ചോദിച്ചിരുന്നു. ഇതിൻ്റെ സ്ക്രീൻഷോട്ടുകളും പുറത്തു വന്നിരുന്നു. കഷായം കഴിച്ചാൽ ഛർദ്ദിക്കുമെന്ന് കരുതിയില്ലെന്നും ചർദ്ദിച്ചതിന് ക്ഷമ ചോദിക്കുന്നതായും പെൺകുട്ടി ചാറ്റിൽ പറയുന്നുണ്ട്. താൻ പച്ച നിറത്തിലാണ് ഛർദ്ദിച്ചതെന്ന് ഷാരോൺ പറയുമ്പോൾ, അത് കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് പെൺകുട്ടിയുടെ മറുപടി പറയുന്നത്. തനിക്ക് ഒട്ടും വയ്യെന്ന് പറയുന്ന ഷാരോൺ കഷായത്തിൻ്റെ പേര് ചോദിക്കുമ്പോൾ കഷായം ഉണ്ടാക്കിയതാണെന്നും ചോദിച്ചിട്ട് പറയാമെന്നുമാണ് പെൺകുട്ടി തിരിച്ച് മറുപടി അയച്ചിരിക്കുന്നത്. വേഗം മരുന്നു തന്ന സ്ഥലത്തേക്ക് വിളിച്ചുചോദിക്കാൻ ഷാരോൺ ആവശ്യപ്പെടുമ്പോൾ ചോദിക്കാമെന്ന് പെൺകുട്ടി മറുപടി നൽകുന്നതും വാസ്ആപ്പ് ഓഡിയോയിലുണ്ട്.

''കഷായം കുടിച്ചെന്ന് വീട്ടില്‍ പറയാന്‍ പറ്റൂല്ലല്ലോ... ഞാന്‍ പറഞ്ഞത്... നമ്മള്‍ അന്നു കുടിച്ചില്ലേ ഒരു മാ... എക്സ്പിയറി ഡേറ്റ് കഴിഞ്ഞത്...ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ... അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛര്‍ദ്ദില്‍ തുടങ്ങിയെന്നാണ് വീട്ടില്‍ പറഞ്ഞത്'' - ഷാരോണിന്റെ ശബ്ദസന്ദേശം ഇങ്ങനെയായിരുന്നു. ''ശരിക്കും ഈ ജ്യൂസിനെന്തോ സംശയം തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ... കുഴപ്പമൊന്നുമില്ലല്ലോ... ഇനി അതും റിയാക്ട് ചെയ്തതാണോ എന്തോ... '' എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഷാരോണിനോട് ചോദിക്കുന്നതും ശബ്ദസന്ദേശമായുണ്ട്.

കഷായത്തിൻ്റെ കയ്പ് മാറാൻ കഴിച്ച ഡ്രിംഗ്സിനെ കുറിച്ചും വാസ്ആ്പ് ചാറ്റിൽ പരാമർശമുണ്ട്. താൻ ഛർദ്ദിച്ചത് കഷായത്തിനുശേഷം കുടിച്ച ജ്യൂസിൻ്റെ കുഴപ്പമാകുമെന്ന് ഷാരോൺ പറയുമ്പോൾ അമ്മയെ വീട്ടിൽ കൊണ്ടുവിട്ട ഓട്ടോക്കാരനും ഈ ജ്യൂസ് കുടിച്ച് പ്രശ്‌നമുണ്ടായെന്നാണ് യുവതി പറയുന്നത്. അതേസമയം ഷാരോണുമായുള്ള ബന്ധം താൻ വിട്ടെന്നാണ് വീട്ടുകാർ കരുതുന്നതെന്നാണ് പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നത്. അതിനാൽ അവർ ഷാരോണിനെ ഒന്നും ചെയ്യില്ലെന്നും പെൺകുട്ടി പറയുന്നുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച് പെൺകുട്ടി തന്നെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ സാഹചര്യത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. തുടർന്ന് ഇന്ന് രാവിലെ മുതൽ ആരംഭിച്ച ചോദ്യം ചെയ്യലിൽ കൊലപാതകത്തിൻ്റെ ചുരുളഴിയുകയായിരുന്നു.

അതേസമയം പെണ്‍സുഹൃത്ത് ഷാരോണിന് നേരത്തെയും പലതവണ ജ്യൂസ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഷാരോണിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനെ ശരിവയ്ക്കുന്ന ഒരു വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. പെണ്‍കുട്ടിയും ഷാരോണും ഒരുമിച്ചുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് പെണ്‍കുട്ടി ജ്യൂസ് കുപ്പികള്‍ കൊണ്ടുവന്നിരുന്നത്. പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പികളുണ്ടായിരുന്നു. ഈ സമയം ഷാരോണ്‍ എന്താണ് ചലഞ്ചെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീടെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതാണ് കൂടുതല്‍ സംശയത്തിലേക്ക് നയിച്ചത്.

സ്ഥിരമായി ഷാരോണിന് പെണ്‍കുട്ടി ജ്യൂസ് നല്‍കിയിരുന്നതായും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പറഞ്ഞു. ഇരുവരും പുറത്തുപോകുമ്പോള്‍ സ്ഥിരമായി പെണ്‍കുട്ടി ജ്യൂസ് കൊണ്ടുവന്നിരുന്നതായും ഇത് ഷാരോണിന് നല്‍കിയിരുന്നതായും സഹോദരന്‍ ആരോപിച്ചു. ജ്യുസ് നല്‍കുന്നത് ടെസ്റ്റ് ഡോസായിരുന്നെന്നും സ്ഥിരമായി കഴിക്കുന്നതായതുകൊണ്ട് അതില്‍ വിഷമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഷാരോണിനെ കവിശ്വസിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നതെന്നും കുടുംബം ആരോപിക്കുന്നു. ഇതൊക്കെ ശരിവെക്കുന്ന കുറ്റസമ്മതമാണ് പെണ്‍കുട്ടി നടത്തിയിരിക്കുന്നത്. അതേസമയം ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നാണ് അന്വേഷണസംഘം പറയുന്നത്.

Post a Comment

Previous Post Next Post