കാസർകോട് ബേക്കൂർ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന സംഭവം; മൂന്ന് പേർകൂടി അറസ്റ്റിൽ

(www.kl14onlinenews.com)
(22-Oct-2022)

കാസർകോട് ബേക്കൂർ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന സംഭവം; മൂന്ന് പേർകൂടി അറസ്റ്റിൽ
കാസർകോട്: ഉപ്പള ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കരാറുകാരായ അഹമ്മദ് അലി, അബ്ദുൾ ബഷീർ, ഒരു തൊഴിലാളിയുമാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

മഞ്ചേശ്വരം ഉപജില്ല മത്സരത്തിനിടെയാണ് പന്തല്‍ തകര്‍ന്നു വീണത്. 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. പന്തലിന്റെ മുകള്‍ ഭാഗം ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. കുട്ടികള്‍ക്ക് തലയ്ക്കും മുഖത്തും മുറിവ് പറ്റിയിട്ടുണ്ട്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ചില കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു.

നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ചെറിയ കുട്ടികളുൾപ്പെടെയുള്ളവർ പരിപാടി സ്ഥലത്തുണ്ടായിരുന്നു. അതിന്റെ ഗൗരവം കണക്കിലെടുക്കാതെ പന്തൽ അശ്രദ്ധമായി നിർമ്മിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവ സ്ഥലം കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന ഉന്നത സംഘം സന്ദർശിച്ചിരുന്നു. ചികിത്സ തേടുന്ന കുട്ടികളെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള സംഘവും സന്ദർശിച്ചെന്നാണ് വിവരം. സംഭവത്തിൽ വിശദീകരണം നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post